മൃഗങ്ങള്‍ക്കെതിരെ അതിക്രമം തടയല്‍: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കെതിരെ അതിക്രമം തടയാന്‍ തദ്ദേശ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ 67 ഭേദഗതികള്‍ കൊണ്ടുവരാനാണ് നീക്കം. മൃഗങ്ങള്‍ക്കെതിരായ അതിക്രമം കര്‍ശനമായി തടയുന്നതിനാണ് ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.

മൃഗങ്ങളോട് ക്രൂരത കാണിച്ചാല്‍ മൂന്ന് വര്‍ഷം തടവും കൊല്ലുകയാണെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. ഇതിന് പുറമെ മൃഗത്തിന്റെ വില കണക്കാക്കി അതിന്റെ മൂന്നിരട്ടി തുക പിഴയായി നല്‍കണമെന്നും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയം വകുപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ ഭേദഗതി ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിക്കാനാണ് തീരുമാനം.ഏതെങ്കിലും ശരീരഭാഗത്തിന് ശാശ്വതമായ കേടുപാടുകളോ ആജീവനാന്ത ശാരീരിക വൈകല്യമോ ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രവൃത്തി കൊല്ലുന്നതിന് തുല്യമായി കണക്കാക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ശിക്ഷ തീരുമാനിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ക്രൂരതക്ക് 50,000 മുതല്‍ 75,000 വരെ രൂപയാണ് ചുരുങ്ങിയ ശിക്ഷ.

മൃഗത്തിന്റെ ചുമതലയുള്ള വ്യക്തിയുടെ കടമകള്‍ ബില്ലില്‍ അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മൃഗങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കണം. രോഗങ്ങളോ പരുക്കുകളോ സംഭവിച്ചാല്‍ ചികിത്സ ലഭ്യമാക്കണം. സ്വാതന്ത്രമായി ജീവിക്കാനുള്ള അന്തരീക്ഷം, സുരക്ഷിതമായ സംരക്ഷണം എന്നിവ വളര്‍ത്തുന്നവര്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →