മദ്യപിച്ച് സംഘര്‍ഷം: വയോധികന്‍ മരിച്ചു, പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ: നഗരത്തിലെ ബാറില്‍ സംഘം ചേര്‍ന്ന് മദ്യപിച്ചതിനു ശേഷം കാറില്‍ പോകവേ വേഗം സംബന്ധിച്ചുണ്ടായ കൈയാങ്കളിയില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട അയല്‍വാസി കൂടിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍.

വാളകം മേക്കടമ്പ് ഗോകുലം വീട്ടില്‍ കെ.എസ്. ശശിധരന്‍ (69) ആണ് മരിച്ചത്. അയല്‍വാസി മേക്കടമ്പ് നേര്യന്ത്ര ജോജനെ (57) അറസ്റ്റ് ചെയ്തു. 29-ന് ഉച്ചയോടെ മൂന്നംഗ സംഘം കെ.എസ്.ആര്‍.ടി.സി. ജങ്ഷനു സമീപമുള്ള ബാറില്‍ മദ്യപിക്കാന്‍ എത്തുകയായിരുന്നു. ലഹരി തലയ്ക്കു പിടിച്ചതോടെ സംഘാംഗങ്ങള്‍ പരസ്പരം വാക്കേറ്റം ഉണ്ടായി. ഈ സമയം ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ സ്ഥലം വിട്ടു. പിന്നീട് മറ്റ് രണ്ടുപേരും ശശിധരന്റെ ഉടമസ്ഥതയിലുള്ള കാറില്‍ വീട്ടിലേക്കു മടങ്ങി. യാത്രാമദ്ധ്യേ കാറിന്റെ വേഗം സംബന്ധിച്ച് വാക്കുതര്‍ക്കവും പിന്നീട് െകെയാങ്കളിയും നടന്നു. നേരത്തെ ഹൃദയസംബന്ധമായ ചികിത്സ തേടിയിരുന്ന ശശിധരനു പരുക്കേറ്റു. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നതോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെ 01/12/2022 രാവിലെയായിരുന്നു മരണം. ഇതോടെയാണ് ഒപ്പമുണ്ടായിരുന്ന ജോജനെ മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →