തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പോലീസ്. മന്ത്രി വി. അബ്ദുറഹിമാനെതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നും വിഴിഞ്ഞം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) പറയുന്നു.
മന്ത്രിക്കെതിരായ പരാമര്‍ശം വിവാദമായതോടെ ഫാ. തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. കടുത്തവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെങ്കിലും തിയോഡേഷ്യസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. മന്ത്രി അബ്ദുറഹിമാന്‍ രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്നുമായിരുന്നു തിയോഡേഷ്യസിന്റെ പ്രസംഗത്തിലെ വിവാദപരാമര്‍ശം.

