കണ്ണൂര്‍: ലോകം മുഴുവന്‍ കമ്യൂണിസത്തെ ഉപേക്ഷിച്ചുകഴിഞ്ഞുവെന്നും കേരളത്തിലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അന്ത്യം ആസന്നമായിക്കഴിഞ്ഞെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിന വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും ഇവരുടെ പതനത്തിനു വഴിയൊരുക്കും. ഉദ്യോഗസ്ഥതലത്തിലും ജുഡീഷ്യറിയിലും നിയമപാലനരംഗത്തുമെല്ലാം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിപ്രസരം കേരളത്തില്‍ നടമാടുകയാണ്. ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യായും വീരബലിദാനം നല്‍കി വളര്‍ത്തിയ പ്രസ്ഥാനം കേരളത്തിലും അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ല.
ലോകത്തെല്ലായിടത്തും കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുത്ത ചരിത്രമാണ് കമ്യൂണിസ്റ്റുകളുടേത്. ദശലക്ഷക്കണക്കിനാളുകളെ കൂട്ടകുരുതിക്കിരയാക്കിയ ചരിത്രമുള്ള ഇവര്‍ എന്നും വികസനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും എതിരായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ബംഗളുരുവില്‍ പോകേണ്ടിവന്നു. കേരളത്തില്‍ വ്യവസായങ്ങള്‍ വരുന്നില്ല, നിക്ഷേപങ്ങള്‍ നടക്കുന്നില്ല, തൊഴിലവസരങ്ങള്‍ വരുന്നില്ല. ആകെയുളളത് സര്‍ക്കാര്‍ ജോലിയാണ്.
ഇതിലേക്കാവട്ടെ പിന്‍വാതിലിലൂടെ നിയമനം നടക്കുകയാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. രാജ്യത്തെ മികച്ച നൂറ് സര്‍വകലാശാലകളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. സര്‍വകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല. വൈസ് ചാന്‍സിലര്‍ പദവി മാത്രമാണു ലക്ഷ്യം. വരും തലമുറയുടെ മസ്തിഷ്‌ക്കത്തിലേക്ക് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തിരുകിക്കയറ്റുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുളളത്. ഭാരതത്തില്‍ എല്ലാ കാലത്തും വികസനപദ്ധതികളെ എതിര്‍ക്കുകയെന്നതായിരുന്നു കമ്യൂണിസ്റ്റ് ചരിത്രം. നര്‍മ്മദ പദ്ധതി മുതല്‍ വിഴിഞ്ഞം പദ്ധതിയെവരെ എതിര്‍ത്താവരായിരുന്നു ഇവര്‍.
വികസനം ഉണ്ടായാല്‍ തൊഴിലുണ്ടാകും. ഇതുവഴി ദാരിദ്ര്യം നീങ്ങും. എന്നാല്‍ ദാരിദ്ര്യം നിലനിന്നാലെ കമ്യൂണിസം നിലനില്‍ക്കുയെന്നതിനാല്‍ വികസനത്തെ എതിര്‍ക്കുകയാണ്. ഭാരതീയ സംസ്‌ക്കാരത്തിനും പൈതൃകത്തിനും എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകള്‍ എതിരായിരുന്നു. ശബരിമലയിലെ ആചാരലംഘനത്തിനടക്കം കൂട്ടുനിന്നത് ഇതിനുദാഹരണമാണ്. സംസ്‌ക്കാരത്തെയും ദേശീയതയെയും എതിര്‍ക്കുന്ന ഈ പാര്‍ട്ടിയെ രാജ്യത്ത് നിന്ന് ഇല്ലാതാക്കാന്‍ ദേശസ്‌നേഹികളായ ഓരോരുത്തരും അവരാല്‍ കഴിയുന്നത് ചെയ്യേണ്ടതുണ്ട്.
പരമോന്നതമായ ബലിദാനങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ സംഘടനാശക്തിയുടെ അടിസ്ഥാനമാണ്. ബലിദാനികള്‍ ശാരീരികമായി വേര്‍പ്പെട്ടെങ്കിലും അവരുടെ ആത്മാവ്, ശക്തി ഓരോ സംഘപ്രവര്‍ത്തകരുടെയും സംഘപ്രസ്ഥാനങ്ങളുടെയും കൂടെയുണ്ട്. ആ ശക്തി ദേശസ്‌നേഹികളെ ഓരോരുത്തരേയും എല്ലാ കാലത്തും സംരക്ഷണം ഒരുക്കുകയും വഴികാട്ടുകയും ചെയ്യുന്നു. വാളുകൊണ്ടും അഗ്‌നി കൊണ്ടും കാറ്റിനാലും വെള്ളത്താലും നശിപ്പിക്കാനാവാത്ത ബലിദാനികളുടെ ആത്മാക്കളുടെ ശക്തി എന്നും നമ്മോടൊപ്പമുണ്ടാകും. ആ ശക്തിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്ട്രവിരുദ്ധ ജന വിരുദ്ധ ശക്തികളെ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ആമുഖ ഭാഷണം നടത്തി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

