പെരിന്തല്‍മണ്ണ: ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയില്‍. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടില്‍ മുഹമ്മദ് റഷാദ് (30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയില്‍ അബ്ദുള്അസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയില്‍ മുഹമ്മദ് ബഷീര്‍ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക് (27), ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി കുരിക്കലകത്ത് അല്‍താഫ്ബക്കര്‍ (32)എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി.അലവി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26ന് സംഘം രണ്ടു കാറുകളിലെത്തി വിദേശത്തുനിന്ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി നാട്ടിലേക്കുവരുന്ന കാസര്‍ഗോഡ് സ്വദേശികളുടെ ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരു കിലോഗ്രാം സ്വര്‍ണം കവര്‍ച്ച നടത്താനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് സംഘം കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ.: സി.അലവിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് കള്ളക്കടത്ത് നടത്തികൊണ്ടുവന്ന ഒരുകിലോഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍നിന്നും നാട്ടുകാരില്‍നിന്നു ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലും കവര്ച്ചയ്ക്കായെത്തിയ സംഘത്തെകുറിച്ചും വാഹനങ്ങളെകുറിച്ചും ലഭിച്ച സൂചനകളുടെയും അടിസ്ഥാനത്തിലും സി.ഐ. സി.അലവിയും സംഘവും നടത്തിയ അന്വേഷണത്തില്‍ കവര്ച്ചാസംഘത്തെകുറിച്ചും മുഖ്യസൂത്രധാരനായ മുഹമ്മദ് റഷാദിനെക്കുറിച്ചും വിവരം ലഭിക്കുന്നത്.
മുഹമ്മദ് റഷാദിന് കാസര്‍ഗോഡ് സ്വദേശി ഗള്‍ഫില്‍നിന്നു സ്വര്‍ണം കടത്തിക്കൊണ്ട് കൊയമ്പത്തൂര് എയര്‍പോര്‍ട്ട് വഴി വരുന്ന വിവരം കിട്ടിയിരുന്നു. അത് കവര്‍ച്ച നടത്തുന്നതിനായാണ് അബ്ദുള്‍ അസീസ്, ബഷീര്‍ എന്നിവര്‍ വഴി സാദിഖിനെയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ചാവക്കാട് സ്വദേശി അല്‍ത്താഫിനെയും ഏല്‍പ്പിക്കുന്നത്. രണ്ടു കാറുകളിലായെത്തിയ സംഘം കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് മുതല്‍ ഗള്‍ഫുകാരന്റെ കാറിനെ പിന്തുടര്ന്ന് പെരിന്തല്‍മണ്ണ കാപ്പുമുഖത്തു വച്ച് കവര്‍ച്ച നടത്താനായി ശ്രമിച്ചത്.
മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതിലാണ് കവര്‍ച്ചാസംഘത്തിലെ അഞ്ച് പേരെ പിടികൂടാനായത്.
മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ.: സി.അലവി അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

