കെടിയു വിസി കേസിൽ സർക്കാരിന് വൻ തിരിച്ചടി: പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: കെടിയു വിസിയായി സിസ തോമസിന് തുടരാൻ അനുമതി നൽകിയ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസിൽ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്റെഹർജി തള്ളിയ കോടതി പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

തുടക്കം മുതൽ സിസ തോമസിന് കെടിയു ആസ്ഥാനത്ത് നേരിടേണ്ടിവന്നത് കടുത്ത പ്രതിഷേധവും ഉദ്യോഗസ്ഥരുടെ നിസഹകരണവുമായിരുന്നു. ഒപ്പിട്ട് ചാർജെടുക്കാൻ രജിസ്റ്റർ പോലും നൽകാതെയായിരുന്നു സിസ തോമസിനോടുള്ള കെടിയുവിലെ നിസഹകരണവും പ്രതിഷേധവും. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് രാജ്ഭവനെ ചുമതലയേറ്റ കാര്യം അറിയിച്ച സിസക്ക് ചുമതലയേറ്റ 2022 നവംബർ നാലാം തിയ്യതി മുതൽ ഒരു ദിവസവും പോലും സുഗമമായി പ്രവർത്തിക്കാനായില്ല. സർക്കാർ നോമിനികളെ വെട്ടി ഗവർണ്ണർ ചുമതല നൽകിയതിനാൽ എസ്എഫ്ഐ മുതൽ കെടിയുവിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാരും സിസയെ നിർത്തിയത് ശത്രുപക്ഷത്തായിരുന്നു.

വിസിക്ക് ഫയലുകൾ നൽകാതായതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം വരെ മുടങ്ങി. ചാൻസലർ താൽക്കാലികമായി ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന സർക്കാറിന്റെ കടുംപിടുത്തത്തിനാണ് ഹൈക്കോടതിയിൽ നിന്നുള്ള കനത്ത തിരിച്ചടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →