കൊല്‍ക്കത്ത: കൊവിഡ്- 19 ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ്‌ക്രീം പുരട്ടി ഫ്രീസറില്‍ രണ്ട് ദിവസം വീട്ടുകാര്‍ സൂക്ഷിച്ചുവച്ചു. തിങ്കളാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. കൊറോണ പരിശോധനാഫലം പുറത്തുവരാതെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.
മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി അധികൃതര്‍ സമ്മതിച്ചില്ല. സഹായത്തിനായി പൊലീസിനെ വിളിച്ചിട്ട് അവരും തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മരിച്ചയാളുടെ കൊവിഡ് പരിശോധനാഫലം വരുന്നതിനുമുമ്പാണ് മൃതദേഹം ഫ്രീസറില്‍ വച്ചത്. പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായിരുന്നു. മരിച്ച് 48 മണിക്കൂറിനുശേഷമാണ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്തത്.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ആശുപത്രി ചികിത്സയ്ക്കും മറ്റുകാര്യങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. ആശുപത്രികളുടെ മോര്‍ച്ചറികള്‍ നിറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വേണം സംസ്‌കരിക്കാന്‍. പരിശോധനാഫലം വരാന്‍ വൈകിയതിനാല്‍ വീട്ടുകാര്‍ വലിയ പ്രതിസന്ധി അനുഭവിക്കേണ്ടതായി വരുന്നു.

