ന്യൂഡൽഹി: മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തിൽ മതപതിവർത്തനം ഉൾപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിന്നു നേരെയുള്ള കടന്നുകയറ്റമാണ്. അത് സമൂഹത്തിലെ സൗഹാർദാന്തരീക്ഷം ഇല്ലാതാക്കുന്നു. അതു തടയാനുള്ള അധികാരം ഭരണകൂടത്തിനുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഏതെങ്കിലും മതത്തിലേക്ക് ഒരാളെ മാറ്റുന്നത് മൗലിക അവകാശമായി കാണാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ അറിയിച്ചു. നിർബന്ധിതവും പ്രലോഭിപ്പിച്ചുമുള്ള മതപരിവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മതംമാറ്റത്തിനുള്ള അവകാശം ഉൾപ്പെടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ ചതിച്ചോ ഒരാളെ മറ്റൊരു മതത്തിലേക്കു മാറ്റുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഇത്തരത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും മതംമാറ്റങ്ങൾ നടക്കുന്ന കാര്യം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന്, കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനാ അസംബ്ലിയിൽ വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്. ഇരുപത്തിയഞ്ചാം അനുച്ഛേദത്തിൽ പ്രചരിപ്പിക്കുക എന്ന വാക്ക് ഉൾപ്പെടുത്തുന്നതു സംബന്ധിച്ചാണ് പ്രാധാനമായും സംവാദങ്ങൾ നടന്നത്. മതംമാറ്റം അതിന്റെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിയാണ്, ആ വാക്ക് ഉൾപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

