ന്യൂഡല്‍ഹി: ഇന്ത്യന്‍ കുബേരന്മാരുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വേദിയൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറും തമ്മില്‍ ‘ലാങ്കോ അമര്‍ കാന്തക് പവര്‍’ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
പാപ്പരായ ലാങ്കോ ഇന്‍ഫ്രാടെക്കിന്റെ ഉടമസ്ഥതയിലുള്ള താപവൈദ്യുത നിലയമാണ് ലാങ്കോ അമര്‍കാന്തക് പവര്‍ പ്ലാന്റ്. ഇതിന്റെ ആസ്തികളുടെ ലേലം നവംബർ 25 നാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെയും ആര്.ഇ.സി ലിമിറ്റഡിന്റെയും കണ്‍സോര്‍ഷ്യവും ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ റിലയന്‍സ് ജയിച്ചാല്‍ താപെവെദ്യുത മേഖലയിലേക്കുള്ള അംബാനിയുടെ കടന്നു വരവിന് തുടക്കമാകും. അദാനിക്ക് ഇതിനകം താപവൈദ്യുത മേഖലയില്‍ നിക്ഷേപങ്ങളുണ്ട്.
ആദ്യ റൗണ്ടില്‍ ഏറ്റവും ഉയര്‍ന്ന ലേലക്കാരായി റിലയന്‍സ് മാറിയിട്ടുണ്ട്. എന്നാല്‍, രണ്ടാം റൗണ്ടില്‍ 2,950 കോടി രൂപ ലേലം വിളിച്ച് അദാനി പവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2000 കോടി രൂപയുടെ ബിഡ് ആര്.ഐ.എല്‍ സമര്പ്പിച്ചതായിറിപ്പോര്ട്ടില് പറയുന്നു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി അധിഷ്ഠിത താപെവെദ്യുത പദ്ധതിയാണ് ലാങ്കോ അമര്‍കാന്തക് പവര്‍ പ്ലാന്റ്. നാലു ഘട്ടങ്ങളിലായി 1920 മെഗാവാട്ട് ഉത്പാദനശേഷിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 300 മെഗാവാട്ട് വീതം ശേഷിയുള്ള ആദ്യ രണ്ടു ഘട്ടങ്ങള്‍ 2009, 10 വര്‍ഷങ്ങളിലായി കമ്മീഷന് ചെയ്തിരുന്നു. 660 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നും നാലും ഘട്ടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു മുന്‍പും പല ലേലങ്ങളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി പവറും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് സൂചന.

