രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം: ആഴ്ചയില്‍ അഞ്ചുദിവസം

ന്യൂഡല്‍ഹി: ഇനി മുതല്‍ ആഴ്ചയില്‍ അഞ്ചുദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതിഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം. അടുത്തമാസം ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ രണ്ടുദിവസമായി വെട്ടിച്ചുരുക്കിയതാണ് അഞ്ചായി വര്‍ധിപ്പിച്ചത്. ഒപ്പം രാഷ്ട്രപതി ഭവന്‍ മ്യൂസിയം കോംപ്ലക്‌സില്‍ ആഴ്ചയില്‍ ആറുദിവസം പൊതുജനങ്ങള്‍ക്കു പ്രവേശിക്കാമെന്നും രാഷ്ട്രപതിഭവന്‍ വക്താവ് അറിയിച്ചു.

മുന്‍കാലത്തേതുപോലെ പ്രത്യേക നിരക്ക് ഈടാക്കിയാകും പ്രവേശനം. പൊതുഅവധി ദിനങ്ങളൊഴികെ ബുധന്‍ മുതല്‍ ഞായര്‍ വരെ രാവിലെ 10നും െവെകിട്ടു നാലിനുമിടയില്‍ രാഷ്ട്രപതിഭവനും ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ മ്യൂസിയം കോംപ്ലക്‌സും സന്ദര്‍ശിക്കാം. പ്രധാന കെട്ടിടസമുച്ചയം, െലെബ്രറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ നടന്നുകാണാനാണ് അനുമതി. കൂടാതെ എല്ലാ ശനിയാഴ്ചയും രാവിലെ എട്ടുമുതല്‍ ഒന്‍പതുവരെ നടക്കുന്ന ചെയ്ഞ്ച് ഓഫ് ഗാര്‍ഡ് സെറിമണി വീക്ഷിക്കാനും അവസരം നല്‍കും.

രജിസ്‌ട്രേഷന്‍ ചാര്‍ജിനത്തില്‍ ആളൊന്നിന് 50 രൂപ ഈടാക്കിയാകും പ്രവേശനം. 30 പേരടങ്ങുന്ന സംഘത്തിന് 1,200 രൂപ. എട്ടുവയസില്‍ താഴെയുള്ളവര്‍ക്കു ഫീസില്ല.
2017 മുതല്‍ ആഴ്ചയില്‍ നാലുദിവസം രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനു പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ ഉച്ചകഴിഞ്ഞു നാലുവരെയായിരുന്നു പ്രവേശനാനുമതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →