തേന്‍കെണി: വിദേശമന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്താനു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വിദേശമന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ. ഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്ന് അധികൃതര്‍. പണം വാങ്ങിയ ഇയാള്‍ രഹസ്യവിവരങ്ങളും രേഖകളും കൈമാറി. പൂജ എന്നുപേരുള്ള സ്ത്രീയെന്ന വ്യാജേനയാണ് പാക് ചാരന്‍ ഇയാളുമായി ബന്ധപ്പെട്ടത്.
സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ ഡല്‍ഹി പോലീസ് ജവാഹര്‍ലാല്‍ നെഹ്‌റു ഭവനില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മന്ത്രാലയത്തിലെ കൂടുതല്‍ ജീവനക്കാര്‍ ചാരവൃത്തിയില്‍ പങ്കാളികളാണോ എന്ന് പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. പാകിസ്താനു വേണ്ടി ചാരപ്പണിചെയ്ത 46 വയസുകാരനെ ഓഗസ്റ്റില്‍ രാജസ്ഥാന്‍ പോലീസ് ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനില്‍ ജനിച്ച് 1998 മുതല്‍ കുടുംബസമേതം ഡല്‍ഹിയില്‍ താമസിക്കുന്ന ഭാഗ്ചന്ദ് എന്നയാളാണ് അറസ്റ്റിലായത്. 2016 ല്‍ ഇയാള്‍ ഇന്ത്യന്‍ പൗരത്വം നേടിയിരുന്നു.

ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവറായും മറ്റും ജോലിചെയ്തിരുന്ന ഭാഗ്ചന്ദ് പാകിസ്താനിലുള്ള ബന്ധുക്കള്‍ വഴിയാണ് അവിടെയുള്ള ചാരന്‍മാരുമായി ബന്ധപ്പെട്ടിരുന്നത്.ബുദ്ധ സന്ന്യാസിയെന്ന അവകാശപ്പെട്ടിരുന്ന 50 വയസുള്ള െചെനീസ് വനിതയെ െചെനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയെന്നു സംശയിച്ചു കഴിഞ്ഞ മാസം ഡല്‍ഹി പോലീസും അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തന്നെ കൊലപ്പെടുത്തുമെന്നും അതിനാലാണ് ഇന്ത്യയിലേക്ക് ഓടിപ്പോന്നതെന്നും പറഞ്ഞ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനും ശ്രമിച്ചു. നേപ്പാള്‍ സ്വദേശിയെന്നു പറഞ്ഞാണ് ഇവര്‍ ഇന്ത്യയില്‍ തങ്ങിയിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് ചൈനീസ് പാസ്‌പോര്‍ട്ടാണ് ഉള്ളതെന്നും പേര് കായ് റുവോ എന്നാണെന്നും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →