ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കലില്‍ പുനഃപരിശോധന: എന്‍.ഐ.ഐ. ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് അക്രമക്കേസ് പ്രതിയും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലാക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. യു.എ.പി.ഐ. ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന നവ്ലാഖയെ 24 മണിക്കൂറിനകം വീട്ടുതടങ്കലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു.

നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാന്‍ കഴിഞ്ഞ പത്തിനാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത്. ഇതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയ്ക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണു കോടതിയിലെത്തിയത്. ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവരും സമന്മാരാണെന്നു പറയുന്നുണ്ടെങ്കിലും നവ്ലാഖയുടെ വിഷയത്തില്‍ ചിലര്‍ അതിനും മുകളിലാണെന്ന സന്ദേശമാണു നല്‍കുന്നതെന്നു തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കഴിഞ്ഞ വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു നിര്‍ദേശിച്ച വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തിയാണു വീട്ടുതടങ്കല്‍ ഉത്തരവെന്നും അതിനാല്‍ അത് അംഗീകരിക്കപ്പെട്ട ഉത്തരവാണെന്നും ഹര്‍ജി തള്ളി ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. നവ്ലാഖ വീട്ടുതടങ്കലില്‍ കഴിയുന്ന മേഖലയില്‍ അധികസുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

ആരോഗ്യസ്ഥിതി പരിഗണിച്ച് നവ്ലാഖയെ വീട്ടുതടങ്കലിലാക്കാനുള്ള കഴിഞ്ഞ 10-ലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല. സഹോദരി മൃദുല കോത്താരിക്കൊപ്പം മുംെബെയില്‍ താമസിക്കുമെന്നാണു നവ്ലാഖ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പുവച്ച ഡോക്ടര്‍മാരില്‍ ഒരാള്‍, മൃദുലയുടെ ഭര്‍ത്താവ് ഡോ. എസ്. കോത്താരിയാണെന്ന് എന്‍.ഐ.എ. ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തന്റെ പങ്കാളിയായ സഹ്ബ ഹുെസെനൊപ്പം താമസിക്കുമെന്നു നവ്ലാഖ വ്യക്തമാക്കി. ഇതു കോടതി അംഗീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →