കണ്ണൂര്‍: തൊഴില്‍മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിതാ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാന്‍ സ്കീം ഫോര്‍ ഹെര്‍ എംപവര്‍മെന്റ് (ഷീ) പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 18 നു രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും.
സംതൃപ്ത വ്യക്തിത്വമുള്ള വനിത എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാന്‍ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളജില്‍ 2019ല്‍ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, യു.കെ.-ഇന്ത്യ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തില്‍ നിര്‍ദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് കോളജില്‍ ഇതു നടപ്പാക്കിയത്. പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, സാങ്കേതികമേഖലയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നേതൃപാടവം ആര്‍ജിക്കാനും പ്രാപ്തരാക്കുക എന്നിവയും ഷീയുടെ ലക്ഷ്യമാണ്.

