നിയമനത്തിനായി ശുപാർശ അറിയിക്കാറില്ലെന്നും താൻ കത്ത് നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും മേയറുടെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി . കത്ത് വ്യാജമാണെന്നാണ് ആര്യ രാജേന്ദ്രന്റെ മൊഴി. കത്ത് താൻ നൽകിയിട്ടില്ലെന്നും ഒപ്പ് സ്കാൻ ചെയ്ത് കയറ്റിയതാകാമെന്നും ആര്യ രാജേന്ദ്രൻപറഞ്ഞു. നിയമനത്തിനായി ശുപാർശ അറിയിക്കാറില്ലെന്നും താൻ കത്ത് നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും മേയറുടെ മൊഴിയിൽ പറയുന്നു.

കത്ത് വിവാദത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇന്ന് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തത്. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. സംഭവത്തിൽ നാളെ കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയേക്കും. ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ ഡി ആർ അനിൽ കത്തിലെ മേൽവിലാസക്കാരനായ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീട് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‍യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‍യുവിൻ്റെ കരിങ്കൊടി കാണിക്കൽ. സംരക്ഷണം തീർക്കാനെത്തിയ സിപിഎമ്മുകാർ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‍യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →