ലക്ഷ്മി ബോംബില്‍ സാരിയുടുത്ത് അക്ഷയ് കുമാര്‍: സാരി ധരിക്കല്‍ ബുദ്ധിമുട്ടെന്ന് നടന്‍

ന്യൂഡല്‍ഹി: സാരി ധരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ കാഞ്ചനയുടെ ഹിന്ദി റീമേക്കിന് വേണ്ടിയാണ് അക്ഷയ് സാരി ഉടുത്തത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലക്ഷ്മി ബോംബ് എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്.

ലക്ഷ്മി ബോംബിനായി സാരി ധരിക്കുന്നത് വളരെ മനോഹരമായിരുന്നു. അതൊരു അനുഭവമായിരുന്നു. എന്നിരുന്നാലും, സാരി കൈകാര്യം ചെയ്യുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഓരോ ഷോട്ടിലും എന്റെ സ്‌റ്റൈലിസ്റ്റ് എന്നെ സഹായിക്കും. സുന്ദരമായി സാരികള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഹാറ്റ്‌സ് ഓഫ്-എന്നാണ് അദ്ദേഹം പറഞ്ഞത്.

കിയാരാ അദ്വാനിയാണ് നായിക. ഹൊറര്‍ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കള്‍ തുഷാര്‍ കപൂര്‍ ,മുസ്ഖാന്‍ ഖുബ്ചന്ദാനി എന്നിവരാണ്. സിനിമ ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ലക്ഷ്മി ബോംബും ‘ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


ചിത്രത്തിന്റെ അവകാശത്തിനായി 125 കോടി രൂപയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുടക്കിയിരിക്കുന്നത്. സാധാരണയായി 60-70 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക. എന്നാല്‍, ഇത് ഓടിടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയറ്റര്‍ ഉണ്ടാവാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →