ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പെട്ട വിവാദ മദ്യനയക്കേസില്‍ പ്രതിയെ മാപ്പുസാക്ഷിയാക്കി സി.ബി.ഐ. കേസില്‍ അറസ്റ്റിലായ വ്യവസായ ദിനേഷ് അറോറ മാപ്പുസാക്ഷിയാകുമെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ സി.ബി.ഐ. ഹര്‍ജി നല്കി.
ദിനേഷ് അറോറയ്ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷയെ സി.ബി.ഐ. എതിര്‍ത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ദിനേഷ് മാപ്പുസാക്ഷിയാകുമെന്ന് കോടതിയെ സി.ബി.ഐ. അറിയിച്ചത്. കേസില്‍ സഹായകരമാകുന്ന നിര്‍ണായക വിവരങ്ങള്‍ വ്യവസായി നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
രാജ്യതലസ്ഥാനത്ത് മദ്യം വില്‍ക്കുന്നതിന് പുതിയ നയം നടപ്പാക്കാനാനായിരുന്നു ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നീക്കം. അഴിമതി ആരോപണത്തിന്റെ പേരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അതിന് ചുവപ്പുകൊടി കാണിക്കുകയും അന്വേഷിക്കാന്‍ സി.ബി.ഐക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ പുതിയ നയം റദ്ദാക്കുകയും പഴയ നയംതന്നെ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അന്വേഷണവുമായി സി.ബി.ഐ. മുന്നോട്ടുപോകുകയായിരുന്നു.

