ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും അശോകപുരം പി. കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി വായനശാലയുടെയും ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആലുവ അശോകപുരത്ത് സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. പി.കെ വേലായുധൻ വിദ്യാവിനോദിനി മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നാട്ടുകലാകാര കൂട്ടം ജില്ലാ സെക്രട്ടറി പ്രശാന്ത് പങ്കൻ നാട്ടുപൊലിമ നിർവഹിച്ചു.
പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ ശാസ്ത്രബോധന ക്ലാസ് നൽകി. ശാസ്ത്രത്തെ ജീവിതത്തിൽ പ്രായോഗികമാക്കുക വഴി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ കാതലാണ് ശാസ്ത്രം. ശാസ്ത്രീയമായ മനസ്സ്, ചിന്താരീതി, പ്രയോഗം എന്നിവ സ്വാതന്ത്ര്യം പൂർണമായി അനുഭവിക്കാൻ ആവശ്യമാണ്. ഭരണഘടനാപരമായ ചുമതലയാണ് ശാസ്ത്രബോധം വളർത്തുകയെന്നത്. സാങ്കല്പിക കഥകളിലും മിത്തുകളിലുമുള്ള വിശ്വാസം നരബലി പോലുള്ള നീചമായ പ്രവർത്തനങ്ങളിലേക്ക് വഴിതെളിക്കുന്നു. അന്ധമായ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രീയമായ സമീപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വിദ്യാവിനോദിനി വായനശാല പ്രസിഡന്റ് കെ. എ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. എ. എം.കമാൽ സ്വാഗതം പറഞ്ഞു. തുടർന്ന് കാഞ്ഞൂർ നാട്ടു പൊലിമ നാടൻ പാട്ട് സംഘത്തിന്റെ കലാപരിപാടി അരങ്ങേറി.
കലാപരിപാടിക്ക് ശേഷം ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവികുട്ടൻ, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. ഷാജി, കുന്നത്ത്നാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. സജീവ്, എന്നിവർ ചേർന്ന് നാടൻ പാട്ട് കലാകാരന്മാരെ ആദരിച്ചു.
പരിപാടിയിൽ ആലുവ പി.ജി വായനക്കൂട്ടത്തിന്റെ സഹകരണത്തോടെ നടന്ന ഭാഷാഭിമാന സംഗമത്തിൽ ഡോ. വി. പി മാർക്കോസ് വിഷയാവതരണം നടത്തി. മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഉൾക്കൊള്ളിച്ചുകൊണ്ട് ഭാഷയുടെ പ്രയോഗവും അർത്ഥങ്ങളും അദ്ദേഹം സദസ്സിനെ പരിചയപ്പെടുത്തി. വി. എസ്. മൊയ്തീൻ, എൻ. എസ്. അജയൻ,കെ. കെ.ഖദീജ തുടങ്ങിയവർ പങ്കെടുത്തു.

