വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായി ഇടപെടും: മന്ത്രി ജി ആർ അനിൽ

വിപണിയിൽ ശക്തമായി ഇടപെട്ടു കൊണ്ട് കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ  പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വിലനിശ്ചിയിക്കാൻ സർക്കാരിന് അധികാരമില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ നടത്തുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി ഏപ്രിൽ -മേയ് മാസങ്ങളിൽ 7.04 ആയിരിക്കുമ്പോൾ കേരളത്തിലേത് 5ന് താഴെയായിരുന്നു. സെപ്റ്റംബർ മാസം ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി അഞ്ച് മാസത്തെ ഉയരത്തിലെത്തി 7.41ആയിരിക്കുകയാണ്. സെപ്റ്റംബർ മാസത്തെ കേരളത്തിലെ ഉപഭോക്തൃവില സൂചിക 6.45% മാണ്. മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉപഭോക്തൃവില സൂചിക യഥാക്രമം 7.95, 7.45, 8.65, 8.03, 7.79 എന്നിങ്ങനെയാണ്. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം വിലക്കയറ്റം ഏറ്റവും കുറവുള്ള ഒരു സംസ്ഥാനമാണ് കേരളം .

സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും 28.20 രൂപ നിരക്കിൽ സംഭരിക്കുന്ന നെല്ല് സ്വകാര്യമില്ലുകളുടെ സഹായത്തോടെ സംസ്‌കരിച്ച് അനുബന്ധചെലവുകൾ സർക്കാർ വഹിച്ച് പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിക്കുമ്പോൾ ഒരു കിലോ മട്ട അരിയ്ക്ക് 53 രൂപ ചെലവ് വരുന്നു. ഈ അരിയാണ് 10.90 രൂപയ്ക്ക് പൊതുവിതരണ വകുപ്പ് റേഷൻകടകൾ വഴി നൽകി വരുന്നത്. 2019-20 ൽ 7.09 മെട്രി ക്ക് ടൺ നെല്ല് കർഷകരിൽ നിന്നും സംഭരിച്ചു. 2020-21 ൽ 7.64 ലക്ഷം  ടണ്ണും 2021-22 ൽ 7.48 ലക്ഷം  ടൺ നെല്ലും സംഭരിച്ചു. അതായത് ഒരു വർഷം ഈ രീതിയിൽ സംഭരി ച്ച് നെല്ല് അരിയാക്കി റേഷൻകടകളിൽ എത്തിക്കുമ്പോൾ ആകെ 2438 കോടി രൂപ ചെലവ് വരുന്നു. ഇതിൽ കേന്ദ്ര വിഹിതവും വിൽപ്പന നടത്തുന്ന തുകയും കുറച്ചാൽ തന്നെ ഒരു കിലോയ്ക്ക്‌സംസ്ഥാ ന സർക്കാരിന് 23 രൂ പ ചെലവാകുന്നു. ആ നിലയ്ക്ക് പരിശോധിക്കുമ്പോൾ ഒരു വർഷം സംസ്ഥാന സർക്കാർ 1044കോടി രൂപ ഇതിനായി ചെലവഴിക്കുന്നു.

മുൻകാലങ്ങളിൽ എഫ്.സി.ഐ നൽകുന്ന സാധനങ്ങളുടെ ഇനവും അളവും ഗുണവും നിയന്ത്രിക്കുന്നതിന് സംവിധാനങ്ങൾ പരിമിതമായിരുന്നു. എഫ്.സി.ഐ ജനറൽ മാനേജരും സിവിൽ സപ്ലൈസ് കമ്മീഷണറും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് എഫ്.സി.ഐയിൽ നിന്നും നൽകുന്ന ധാന്യങ്ങളിൻമേൽ കൂടുതൽ പരിശോധന നടത്താൻ കഴിഞ്ഞു. കൂടാതെ എഫ്.ഫ്‌സി.ഐ നൽകി വരുന്ന സോനാ മസൂരി ഇനത്തിൽപെട്ട അരിക്ക് കേരളത്തിൽ പ്രിയം കുറവായിരുന്നു. ഇതിനു പകരം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും അരി കൊണ്ടു വരാനുള്ള നടപടി കേന്ദ്രസർക്കാരുമായി നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമായി സാധിച്ചു. അരിവിഹിതം താമസം ഒഴിവാക്കുന്ന വിഷയം ഇന്ന് എഫ്.സി.ഐ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു താമസം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വർഷത്തെ ആഭ്യന്തര ഉപഭോഗത്തിന് 40 ലക്ഷം ടൺ അരി വേണ്ടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 15% മാത്രമേ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നുള്ളു. പൊതുവിതരണ ശൃംഖലയിലൂടെ വിതരണം നടത്തുന്നതിന് കേന്ദ്രസർക്കാർ എഫ്.സി.ഐയിലൂടെ 8.35 ലക്ഷം ടൺ അരി ഒരു വർഷം അനുവദിച്ചു വരുന്നു. കർഷകിൽ നിന്നും നെല്ല് സംഭരിച്ച് അരിയാ ക്കുന്നതിലൂടെ ഒരു വർഷം ശരാശരി 4.60 ടൺ അരി കണ്ടെത്താൻ  കഴിയുന്നു. സപ്ലൈകോ വിൽപ്പന ശാലകളിലൂടെ ഒരു വർഷം ശരാശരി 87168 ടൺ അരി സബ്‌സിഡി ഇനത്തിൽ വിൽപന നടത്തിവരുന്നു  ഒരു മാസം  ശരാശരി 35 ലക്ഷം കാർഡുടമകൾ സപ്ലൈകോയിൽ നിന്നും സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു വേണ്ട ബാക്കി അരിയുടെ വിപണനം നടക്കുന്നത് പൊതുവിപണിയിലൂടെയാണ്.

കഴിഞ്ഞമാസം വരെ 50% പുഴുക്കലരി,  50% പച്ചരി എന്ന നിലയിലാണ് എഫ്.സി.ഐയിൽ നിന്നും അരി ലഭിച്ചു വന്നിരുന്നത്. എന്നാൽ നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും പച്ചരി മാത്രമാണ് വിതരണം നടത്തുന്നത്. എഫ്.സി.ഐ വഴി 50% പുഴുക്കലരി വി തരണം ഉറപ്പുവരുത്തണമന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കേരളത്തിലെ എഫ്.ഫ്‌സി.ഐ ഗോഡൗണുകളിലെ സ്റ്റോക്കിന്റെ 75% ഉം പച്ചരിയാണെന്നാണ് കിട്ടുന്ന വിവരം. കേന്ദ്ര സർക്കാരിന്റെ ഈ നയം കേരളത്തിൽ പുഴുക്കലരിക്ക് വിലവർദ്ധിക്കാൻ കാരണമാകും.

കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുന്നു. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരി വണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നി ഇനങ്ങളായി ആകെ കാർഡ് ഒന്നിന് ആകെ 10 കിലോ വിതരണം ചെയ്തു വരുന്നു. ജനങ്ങളിൽ നിന്നും നല്ല പിൻതുണയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. ഇന്നലെ വരെ 39,694 കിലോ അരി പ്രസ്തുത വണ്ടികളിൽ നിന്നും സബ്‌സിഡി നിരക്കിൽ വിൽപ്പന നടത്തിയിട്ടുണ്ട്.

ഒരു താലൂക്കിൽ രണ്ട് ദിവസം എന്ന നിലയിലാണ് അരിവണ്ടിയുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 7-ാം തിയതിയോടെ അരിവണ്ടിയുടെ അരിവിതരണം പൂർത്തീകരിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ പരിശോധന നടത്തുകയുണ്ടായി. ജില്ലകളിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാനത്തൊട്ടാകെ 642 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 82 വ്യാപാര സ്ഥാപനങ്ങളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ ഗൗരവമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി കളക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടില്ല. വില വിവരം പ്രദർശിപ്പിക്കാത്തത്, അളവ് തൂക്കഉപകരണങ്ങളുടെ കൃത്യതയിലുള്ള കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →