അതിഥി തൊഴിലാളികളുടെ ലഹരിവിരുദ്ധ മഹാസംഗമം വെള്ളിയാഴ്ച്ച പെരുമ്പാവൂരില്‍മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി  ലഹരിവിരുദ്ധ മഹാസംഗമവും സാംസ്‌കാരിക ഘോഷയാത്രയും മെഗാ മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച്ച (ഒക്ടോബര്‍ 28) പെരുമ്പാവൂരില്‍ നടക്കും. പെരുമ്പാവൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍  രാവിലെ പത്തിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും. 

ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍  അയ്യായിരം അതിഥി തൊഴിലാളികള്‍ അണിനിരക്കും. ഇവര്‍ക്ക് പുറമെ പെരുമ്പാവൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി യൂണിറ്റ് അംഗങ്ങളും റാലിയുടെ ഭാഗമാകും. 

രാവിലെ ഒന്‍പതിന് പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് നഗരത്തിലൂടെ ഉദ്ഘാടന വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. 

അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന കവച് 2022ന്റെ ഭാഗമായി പെരുമ്പാവൂര്‍ നഗരസഭയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. 

ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ആലുവ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ ആര്‍. ജയചന്ദ്രന്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →