തിരുവനന്തപുരം: തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലാണ് കത്തിടപാട് നടന്നത്. രണ്ടുപേരും സുപ്രധാന ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവരാണ്. കത്തിന്റെ മെറിറ്റിലേക്ക് കടന്ന് പ്രതികരിക്കുന്നത് ഉചിതമാകില്ല. ബാക്കിയെല്ലാം മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞതല്ലേ. പരസ്യമായല്ലാതെ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ബാലഗോപാല്‍ വ്യക്തമാക്കി. വി സിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ധനമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വീണ്ടും അസാധാരണ നടപടിയുമായി രംഗത്തെത്തിയത്. യു പിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസംഗത്തിലെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ അദ്ദേഹത്തെ പിന്‍വലിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിട്ടുണ്ട്. ഒരുകാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.