മഞ്ചേശ്വരത്ത് ബേക്കൂർ ഗവണമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്ര മേളക്കിടെ പന്തൽ തകർന്ന് 59 പേർക്ക് പരിക്ക്

കാസർകോട്: മഞ്ചേശ്വരത്ത് ബേക്കൂർ ഗവണമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് 59 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തൽ നിർമിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. 

21/10/22 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നു വീണത്. മത്സരങ്ങൾ നടന്ന പ്രധാന വേദിയിൽ, തകര ഷീറ്റും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. തലയ്ക്കും കൈകാലുകൾക്കുമാണ് അധികം പേർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലും കാസർകോട്ടെയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിന്റെ ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് മാറിയിരുന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.

പന്തൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തൽ നിർമാതാക്കളായ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പന്തൽ നിർമാണത്തിന് കരാർ‌ എടുത്ത ഗോകുൽ ദാസ്, ബഷീർ, അലി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →