ആലപ്പുഴ: നിർദിഷ്ട സിബിൽ സ്‌കോർ ഇല്ലെന്നു കാണിച്ചു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബി-ടെക് വിദ്യാർഥിനിക്ക് മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ ആശ്വാസം. ചെന്നിത്തല തെക്കോട്ടിൽ തെക്കേതിൽ സുരേഷും മകൾ മരിയയുമാണ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിതിനൊരു പരിഹാരം വേണമെന്ന ആവശ്യവുമായി അദാലത്തിൽ എത്തിയത്.
ചെങ്ങന്നൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായ മരിയ ആദ്യ വർഷത്തെ കോളേജ് ഫീസ് അടച്ചിരുന്നു. മരപ്പണിക്കാരനായ സുരേഷിന് കഴിഞ്ഞ വർഷം വാഹന അപകടത്തിൽ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ഫീസ് അടവ് മുടങ്ങി.
തുടർന്നുള്ള വർഷങ്ങളിലെ ഫീസ് അടയ്ക്കാനായാണ് മാവേലിക്കര പഞ്ചാബ് നാഷണൽ ബാങ്കിൽ വിദ്യാഭ്യാസ വായ്പക്കായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ രക്ഷാകർത്താവിന് മതിയായ സിബിൽ സ്കോർ ഇല്ലെന്നും അതിനാൽ വായ്പ അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ബാങ്കിൻറെ മറുപടി.
പരാതി പരിഗണിച്ച ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ഉചിതമായ നടപടി സ്വീകരിക്കാനും വായ്പ ലഭ്യമാക്കാനും ജില്ല ലീഡ് ബാങ്ക് മാനേജർക്ക് നിർദേശം നൽകി

