കാസര്‍കോട്: ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന മഴപ്പൊലിമ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ. 2017 മുതല്‍ തുര്‍ച്ചയായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഈ വര്‍ഷം ബളാല്‍, ചെമ്മനാട്, അജാനൂര്‍, വലിയപറമ്പ, തൃക്കരിപ്പൂര്‍, കുമ്പള, കിനാനൂര്‍ കരിന്തളം, പള്ളിക്കര, മുളിയാര്‍ എന്നീ പഞ്ചായത്തുകളില്‍ ആരംഭിച്ചു. നാട്ടുപ്പാട്ടുകളും ഞാറ്റു പാട്ടുകളും വയലേലകളില്‍ മുഴങ്ങുകയാണ്.
ജനങ്ങളുടെ ജീവിതം സുസ്ഥിര വികസനവുമായി കോര്‍ത്തിണക്കിക്കൊണ്ട് ജലസുരക്ഷാ ഭക്ഷ്യസുരക്ഷാ സാമ്പത്തിക സുരക്ഷ സാമൂഹിക സുരക്ഷ എന്നീ നാല് അടിസ്ഥാന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ആശയമാണ് മഴപ്പൊലിമയിലൂടെ കുടുംബശ്രീ മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. മഴപ്പൊലിമ ക്യാമ്പയിനിലൂടെ ജില്ലയിലെ മുഴുവന്‍ തരിശുഭൂമിയും ഭക്ഷ്യ സമൃദ്ധമാക്കികൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനോടകം തന്നെ 930 ഏക്കര്‍ തരിശുഭൂമി കൃഷി ചെയ്യാനായി കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5665/Mazhappolima-by-kudumbasree.html