സിസോദിയയെ വിളിപ്പിച്ച് സി.ബി.ഐ; അറസ്റ്റ് ചെയ്യാനെന്ന് എ.എ.പി.

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സി.ബി.ഐ. നോട്ടീസ്. ഒക്ടോബര്‍ 17 രാവിലെ 11ന് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം, സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐയുടെ നീക്കമെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും നേരിട്ട് ഏറ്റുമുട്ടുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പുമായി സമന്‍സുകള്‍ക്ക് ബന്ധമുണ്ടെന്ന് എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ബി.ജെ.പിക്കു ഭയമാണെന്നും അദ്ദേഹം പരിഹസിച്ചു.കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. നടത്തിയ റെയ്ഡുകളില്‍ ഒന്നും കണ്ടെത്താനായില്ലെന്നും എന്നാല്‍, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും മനീഷ് സിസോദിയ പ്രതികരിച്ചു.

”സി.ബി.ഐ. എന്റെ വീട്ടില്‍ 14 മണിക്കൂറിലേറെ റെയ്ഡ് നടത്തി. എന്നാല്‍, ഒന്നും പുറത്തുവന്നില്ല. അവര്‍ എന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല. അവര്‍ക്ക് എന്റെ ഗ്രാമത്തില്‍നിന്ന് യാതൊന്നും കണ്ടെത്താനായില്ല. ഇപ്പോള്‍ സി.ബി.ഐ. ആസ്ഥാനത്ത് ചോദ്യംചെയ്യലിനു ഹാജരാകാന്‍ വിളിപ്പിച്ചിരിക്കുന്നു. ഞാന്‍ പോവുകയും പൂര്‍ണമായി സഹകരിക്കുകയും ചെയ്യും”- മനീഷ് സിസോദിയ പ്രതികരിച്ചു. സിസോദിയയെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. സ്വതന്ത്ര്യസമരസേനാനി ഭഗത് സിങ്ങുമായാണ് സിസോദിയയെ കെജ്രിവാള്‍ ഉപമിച്ചത്. ജയിലഴികള്‍ക്കും തൂക്കുമരത്തിനും ഭഗത് സിങ്ങിന്റെ ദൃഢനിശ്ചയത്തെ തടസപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ഇന്നത്തെ ഭഗത് സിങ് ആണെന്നും കെജ്രിവാള്‍ പറഞ്ഞു. വിവാദ മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സ് മേധാവിയും സിസോദിയയുടെ അടുത്ത സഹായിയുമായ വിജയ് നായരെ സി.ബി.ഐ. കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ, ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ചില മദ്യവ്യാപാരികള്‍ക്കു വേണ്ടി ലോബിയിങ് നടത്തിയിരുന്ന അഭിഷേക് ബോയിന്‍പള്ളിയെയും സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇന്‍ഡോ സ്പിരിറ്റ്സ് ഉടമ സമീര്‍ മഹേന്ദ്രു, ഗുരുഗ്രാമിലെ ബഡ്ഡി റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അമിത് അറോറ, ഇന്ത്യ എഹെഡ് ന്യൂസ് മാനേജിങ് ഡയറക്ടര്‍ മൂതാ ഗൗതം എന്നിവരുള്‍പ്പെടെ നിരവധി പേരെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →