ഇടുക്കി: പെരിയാർ വനത്തിനുള്ളിൽ സീനിയറോട ഭാഗത്തെ ജലാശയത്തിൽ കടുവയുടെ ജഡം. 2022 ഒക്ടോബര് 16ന് രാവിലെ പതിനൊന്നരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാർ നെയ്മക്കാട് ഭാഗത്തെ ജനവാസ മേഖലയിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവയാണ് ചത്തത്. കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി മഹസ്സർ തയ്യാറാക്കിയ ശേഷം ജഡം തേക്കടിയിലെ രാജീവ് ഗാന്ധി സെൻററിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദേശീയ കടുവാ സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കുന്ന പ്രത്യേക സമിതിയുടെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം കണ്ടെത്താൻ കഴിയുകയുള്ളു. തിമിരം ബാധിച്ചതിനാൽ കടുവയുടെ ഒരു കണ്ണിന് കാഴ്ച ശക്തി ഉണ്ടായിരുന്നില്ല. കടുവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചാണ് കാട്ടിലേക്ക് തുറന്നുവിട്ടത്.
അതേസമയം വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി വനപാലകർ തിരച്ചിൽ തുടരുന്നു. രണ്ട് ദിവസമായി കടുവ ജനവാസ മേഖലയിലിറങ്ങിയിട്ടില്ല. കടുവ കൂട്ടിൽ കയറാൻ സാധ്യതയില്ലാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവ ഭീതി നിലനിൽക്കുന്നതിനാൽ ബത്തേരി ഗൂഡല്ലൂർ റൂട്ടിൽ രാത്രി ഇരുചക്രവാഹനയാത്ര നിരോധിച്ചു. ചീരാലിലെ ഒൻപത് വളർത്തുമൃഗങ്ങളെയാണ് കടുവ ഇതുവരെ ആക്രമിച്ചത്.
ജനവാസകേന്ദ്രങ്ങളിലേക്ക് കടുവ അടക്കമുളള വന്യജീവികൾ ഇറങ്ങുന്നത് പ്രതിരോധിക്കാൻ കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികളിലെ കാട് അടിയന്തരമായി വെട്ടിതെളിക്കാൻ വയനാട് കളക്ടർ നിർദ്ദേശം നൽകി. കടുവാ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സുൽത്താൻ ബത്തേരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകൾക്ക് കത്ത് നൽകും. വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്

