ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഡല്‍ഹിയെ ആശങ്കയിലാക്കി വെട്ടുകിളികളും. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ വെട്ടുകിളികള്‍ കാര്‍ഷികവിളകള്‍ തിന്നുനശിപ്പിച്ച് കൂട്ടമായി പറന്നുനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ഷികവിളകള്‍ പൂര്‍ണമായി തിന്നുനശിപ്പിക്കുന്നതിനാല്‍ കൃഷിക്കാര്‍ക്കും കന്നുകാലികള്‍ക്കും ദുരിതമായി. പച്ചനിറമുള്ള എല്ലാ സസ്യലതാദികളും ഇവ തിന്നുനശിപ്പിക്കുകയാണ്. ഇവ കൂട്ടമായി എത്തിയതിനാല്‍ നഗരവാസികളും ഭീതിയിലായി.
കാര്‍ഷികവിളകള്‍ തിന്നുനശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ വന്‍തോതിലുള്ള നഷ്ടം നേരിടുന്നു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്തെ കര്‍ഷകര്‍ വെട്ടുകിളിശല്യം നേരിടുകയാണ്. വിളക്കുകെണി, പഴച്ചാര്‍ കെണി, രാസകീടനാശിനി പ്രയോഗം തുടങ്ങിയവ നടത്തിനോക്കിയിട്ടും വിജയംകാണാനാവുന്നില്ല.
വെട്ടുകിളികളുടെ ഒരു പറ്റത്തില്‍ അമ്പതിനായിരം മുതല്‍ അഞ്ചുകോടി വരെ എണ്ണമുണ്ടാവും. ഒരുസ്ഥലത്ത് ഇവ എത്തിയാല്‍ മേഖലയിലെ പച്ചനിറമുള്ള മുഴുവന്‍ സസ്യലതാദികളും അകത്താക്കും. മുഴുവന്‍ വെളുപ്പിച്ചിച്ചേ പോകൂ. അടുത്ത സ്ഥലത്തേക്ക് കൂട്ടമായി പറന്നുപോവും. വെട്ടുകിളിക്കൂട്ടം വരുന്നത് അകലെനിന്നുതന്നെ മനസിലാക്കാന്‍ കഴിയും. കാര്‍മേഘം വരുന്നതുപോലെയാണ് ദൂരെനിന്ന് കാണുന്നവര്‍ക്ക് തോന്നുക. സൂര്യപ്രകാശം മറഞ്ഞ് ദിങ്മുഖം ഇരുണ്ടുപോവും.