പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദിനിയും സഹായിയും അറസ്റ്റിൽ. പഠനമികവിനു വേണ്ടി ആഭിചാര കർമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. പൊതീപ്പാട് വാസന്തിയമ്മ മഠം വാസന്തി (ശോഭന-45), സഹായി ഉണ്ണിക്കൃഷ്ണൻ (35) എന്നിവരെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇലന്തൂർ നരബലി വിവാദമായ സാഹചര്യത്തിൽ ഇന്നലെ രാവിലെ ബി.ജെ.പി., സി.പി.എം. പ്രവർത്തകർ മഠത്തിലേക്ക് മാർച്ച് നടത്തുകയും പൂജാസാമഗ്രികളും കെട്ടിടത്തിന്റെ ഓടും ജനാലച്ചില്ലകളും അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ക്രമസമാധാന നില വഷളായതോടെ പോലീസ് സ്ഥലത്തെത്തി വാസന്തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ആഭിചാര വീഡിയോയുടെ അടിസ്ഥാനത്തിലാണ് നാട്ടുകാർ ഇവരുടെ വീട്ടിൽ അക്രമം നടത്തിയത്. ആഭിചാരം സംബന്ധിച്ച് പരാതിയില്ലാത്തതിനാൽ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. വീഡിയോയിലുള്ളയാളെ കണ്ടെത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് ഇരുവർക്കുമെതിരേ കേസ് എടുത്തത്.
2020 ഏപ്രിലിൽ നടന്ന ആഭിചാര കർമത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. മാന്നാർ കൊരട്ടിശേരി ചായംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ മകൻ ഹുസൈനെ(19)യാണ് ആഭിചാര കർമത്തിന് വിധേയനാക്കിയത്. കുട്ടിയുടെ വിഷാദരോഗവും പഠന വൈകല്യവും സർപ്പദോഷം കൊണ്ടാണെന്ന് മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ച് മന്ത്രവും പൂജയും ചെയ്ത് 20,000 രൂപയാണ് കൈപ്പറ്റിയതെന്ന് മുഹമ്മദ് ഹനീഫ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വാസന്തിയുടെയും ഉണ്ണിക്കൃഷ്ണന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുമ്പഴ സ്വദേശിയായ ശോഭന ഓമനക്കുട്ടനാണ് പിന്നീട് വാസന്തി എന്ന പേരിൽ മന്ത്രവാദിനിയായത്.മുട്ടം സ്വദേശിയായ ഭർത്താവിനൊപ്പം മെഴുവേലിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെവച്ച് നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയ ശോഭനയെ ഭർത്താവ് ഉപേക്ഷിച്ചു. രണ്ടു മക്കളുമായി ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
അതിനുശേഷം കുമ്പഴയിൽ വന്ന ശോഭന കോന്നിക്കു സമീപം എലിയറയ്ക്കലിലാണ് ആഭിചാര ക്രിയകൾക്കു തുടക്കമിട്ടത്. പേര് വാസന്തിയമ്മ എന്നുമാക്കി. വിശ്വാസികൾ എത്തിത്തുടങ്ങിയതോടെ പണം കുമിഞ്ഞു കൂടി. ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ പിടിക്കാനും സ്വന്തം സുരക്ഷയ്ക്കും സംഘത്തെയും നിയോഗിച്ചു. മലയാലപ്പുഴ പൊതീപ്പാടുള്ള വീട് വാസന്തി ഗുണ്ടകളുടെ സഹായത്തോടെ പിടിച്ചെടുത്തതാണെന്ന് ആരോപണമുണ്ട്. ഇത് പിന്നീട് വാസന്തിയമ്മ മഠം എന്ന പേരിൽ ആശ്രമമാക്കി. വാസന്തിയമ്മ ഇവിടെ ദർശനം അനുവദിക്കുന്നത് ചൊവ്വയും വെള്ളിയുമാണ്. ബാധ ഒഴിപ്പിക്കലൊക്കെ ഈ ദിവസങ്ങളിലാകും നടക്കുക.
കുട്ടിക്കുമേൽ മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഇതിനെതിരേ പരാതി ചെന്നിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ 12 മുതൽ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തുണ്ടായിരുന്നു.
2022 ഒക്ടോബർ 14ന് രാവിലെ ഡി.വൈ.എഫ്.ഐ-സി.പി.എം. പ്രവർത്തകർകൂടി വന്നതോടെ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് വാസന്തിമഠം അടിച്ചുതകർക്കുകയായിരുന്നു. മഠത്തിലുണ്ടായിരുന്ന വിളക്കും പൂജാസാധനങ്ങളും നശിപ്പിച്ചു. തൊട്ടരികിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഓട് തകർത്തു. ആറു വർഷമായി ഇവർ ഇവിടെ മന്ത്രവാദ പ്രവർത്തനങ്ങളും പുജയും നടത്തി വരികയാണ്.ഇടക്കാലത്ത് ഡി.വൈ.എഫ്.ഐ. സമരത്തെ തുടർന്ന മഠം പൂട്ടിയിരുന്നു. വീണ്ടും പ്രവർത്തനം നടന്നു വരികയായിരുന്നു. പല തവണ ഇവിടുത്തെ ദുരൂഹത സംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയിട്ടില്ല.
കുട്ടിയെ മന്ത്രവാദം ചെയ്യുന്ന വീഡിയോ ഭീതി ജനിപ്പിക്കുന്നതാണ്. കുട്ടി നിലവിളിച്ചു കൊണ്ട് വീഴുന്നതും ചുറ്റിനും നിൽക്കുന്നവർ നിലവിളി പോലെ പ്രാർഥിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ആഭിചാര ക്രിയകളാണ് നടക്കുന്നതെന്ന് വീഡിയോയിൽ നിന്നു മനസിലാക്കാം.
വാസന്തിക്കൊപ്പം സഹായിയായി പ്രവർത്തിച്ച യുവാവിനെ ഒരു വർഷമായി കാണുന്നില്ലെന്ന പരാതിയിൽ പോലീസും ഫോറൻസിക് വിഭാഗവും മഠത്തിലും പരിസരത്തും തെളിവെടുത്തു. യുവാവ് ജീവനോടെയുണ്ടെന്നും ഇല്ലെന്നും അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ, മലയാലപ്പുഴ എസ്.എച്ച്.ഒ: കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

