അപകടത്തിൽപ്പെട്ട യുവതിക്ക് ഒരേസമയം സിസേറിയനും ന്യൂറോ സർജറിയും നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിലെത്തിച്ച യുവതിക്ക് ഒരേസമയം സിസേറിയനും ന്യൂറോ സർജറിയും നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ്. അത്യാഹിത വിഭാഗത്തിലെത്തിച്ച വേളി സ്വദേശിയായ യുവതിയെ അതിവേഗം മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത്.

2022 ഒക്ടോബർ 11ന് രാവിലെ 10.30 ഓടെ മെഡിക്കൽ കോളേജിലെത്തിച്ച യുവതിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം എമർജൻസി ഓപ്പറേഷൻ തീയറ്ററിൽ 11 മണിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവിൽ യുവതി മെഡിക്കൽ കോളേജ് ഐസിയുവിലും കുഞ്ഞ് എസ്.എ.ടി. ആശുപത്രിയിലും തീവ്ര പരിചരണത്തിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവൻ ആരോഗ്യ പ്രവർത്തരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിൽ തന്നെ പ്രധാന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സീനിയർ ഡോക്ടർമാരുടെ സേവനവും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.

11ന് രാവിലെയാണ് യുവതിയും ഭർത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗർഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നുമാണ് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കി.

യുവതി ഒൻപത് മാസം ഗർഭിണിയാണ്. തലയിൽ രക്തസ്രാവമുള്ളതിനാൽ അമ്മയെ രക്ഷിക്കാൻ ഉടൻ തന്നെ സങ്കീർണ ന്യൂറോ സർജറി നടത്തണം. കുഞ്ഞിനെ രക്ഷിക്കാൻ ഉടൻ തന്നെ സിസേറിയൻ ചെയ്യണം. മിനിട്ടുകൾക്കുള്ളിൽ മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി. എസ്.എ.ടി.യിൽ നിന്നും അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കൽ കോളേജിൽ എത്തിച്ചു.ഗൈനക്കോളജിസ്റ്റ് എത്തിയപ്പോഴേയ്ക്കും സജർജറിയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയൻ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടർന്ന് തലയോട്ടി തുറന്ന് സങ്കീർണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ ഇന്ന് രാവിലെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചു വരുന്നു.

സർജറി വിഭാഗം ഡോ. ഇന്ദുചൂഢൻ, ന്യൂറോളജി വിഭാഗം ഡോ. രാജ്‌മോഹൻ, ഡോ. രാജ്, ഗൈനക്കോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീഷ്യ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിർസ എന്നിവർ സർജറിയ്ക്ക് നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →