കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദേശിക്കപ്പെട്ടവരിൽ യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമർപ്പിക്കാൻ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.
വിഷയ വിദഗ്ധർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്ന് പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം വി.സി. 72 പഠന ബോർഡുകൾ രൂപവത്കരിച്ചിരുന്നു. ഇതിൽ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന് വിമർശനമുണ്ടായി. അടിസ്ഥാനയോഗ്യതയില്ലാത്ത 68 പേരെ അധ്യാപകരെന്ന നിലയിൽ പഠനബോർഡുകളിൽ നിയമിക്കുകയാണെന്ന ആരോപണവുമായി കെ.പി.സി.ടി.എ. രംഗത്തുവന്നു. യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അധ്യാപനപരിചയം കുറഞ്ഞവരെയും നിയമിച്ചതെന്നായിരുന്നു അവർ ഉയർത്തിയ വാദം.
ക്രമവിരുദ്ധമായി രൂപവത്കരിച്ച പഠനബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടർന്ന് അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തി നാമനിർദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചു.
കഴിഞ്ഞ ഒരുവർഷമായി പഠനബോർഡില്ലാതെയാണ് അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നത്. പഠനബോർഡ് സ്വയം പുനഃസംഘടിപ്പിച്ച വി.സി.ക്ക് ഹൈക്കോടതിയിൽനിന്ന് കിട്ടിയ തിരിച്ചടിക്കുശേഷം ഗവർണറുടെ നിലപാട് കനത്ത പ്രഹരമായെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ അറിയിച്ചു

