കൊല്ലം : കൊല്ലം പരവൂരിൽ കാർ കയറി രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനംകുളം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. 2022 ഒക്ടോബർ മൂന്നിന് തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ അപകടമുണ്ടായത്.അപകട സമയം ഓടിച്ചിരുന്ന കാറും പൊലീസ് കണ്ടെടുത്തു.
ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയശേഷം യുവാക്കൾ റോഡരികിൽ വിശ്രമിക്കുന്നതിനിടയിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഉടനെ ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പരവൂർ പൊലീസ് പിടികൂടിയത്.

