കർണാടകത്തിലും വിവാദമായി ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ്

ബെംഗളൂരു: കർണാടകത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ പോലെ തന്നെ സവർക്കർ ഫ്ലെക്സ് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഈ ഫ്ലെക്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎയായ എൻ എ ഹാരീസിന്റെ പേരിലുള്ള ഫ്ലെക്സിൽ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും, കോൺഗ്രസ് കർണാടക പ്രസിഡന്റ് ഡികെ ശിവകുമാറിന്റെയും ചിത്രങ്ങൾ ഫ്ലെക്സിൽ ഉണ്ട്. ഒപ്പം രാഹുലിന്റെ നടക്കുന്ന ചിത്രവും ഉണ്ട്.

എന്നാൽ ഇത്തരത്തിൽ ഒരു ചിത്രം കോൺഗ്രസ് വച്ചിട്ടില്ലെന്നാണ് കർണാടക കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാൻ ചില വർഗ്ഗീയ കക്ഷികൾ സ്ഥാപിച്ച വ്യാജ ഫ്ലെക്സാണ് ഇതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾമാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം കേരളത്തിൽ ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോൾ വിവാദമായ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച വിവാദത്തിൽ വിമർശനം നേരിട്ട സുരേഷിനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരുന്നു.

അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. നിരവധി പ്രവർത്തകർ സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അതേ സമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് രാഹുൽഗാന്ധിക്കൊപ്പം പദയാത്രയിൽ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോ‍‍ഡോ യാത്ര.

അവശത മറന്ന് നാലര കിലോമീറ്റർ ദൂരം സോണിയ ഗാന്ധി നടന്നു. രാഹുലിനൊപ്പം അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവർത്തകർക്ക് ആവേശമായി. ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രിയിൽ അണിനിരന്നു. കർണാടകയിൽ കോൺഗ്രസ് തിരിച്ചുവരവിൻറെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →