ഡോളര്‍ കടത്തില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാംപ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാംപ്രതി. ലൈഫ് മിഷന്‍ ഇടപാടില്‍ കിട്ടിയ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് കുറ്റപത്രം. ശിവശങ്കര്‍ നിലവില്‍ യുവജനകാര്യ-സ്‌പോര്‍ട്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍, യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണു മറ്റ് പ്രതികള്‍. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനായിരുന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയില്‍ കമ്മീഷന്‍ കിട്ടിയ തുകയാണത്.സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍, അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വപ്‌നയ്ക്കു ചോര്‍ത്തി നല്‍കിയെന്ന ഗുരുതര ആരോപണവും കുറ്റപത്രത്തിലുണ്ട്. ലൈഫ് യുണിടാക് കമ്മിഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണ്. മുഖ്യമന്ത്രിക്കുവേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

യു.എ.ഇ. കോണ്‍സല്‍ ജനറലും ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവച്ചു.കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയ്ക്കും സരിത്തിനും ചോര്‍ത്തിക്കൊടുത്തു. കോഴപ്പണം ഡോളറാക്കി മാറ്റിയതും ശിവശങ്കര്‍ അറിഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ യുണിടാക് കമ്പനിക്കു കിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു. വിദേശത്തു ബിസിനസ് സംരംഭം തുടങ്ങാന്‍ ശിവശങ്കറിനു താത്പര്യമുണ്ടായിരുന്നതായി സ്വപ്‌നയുമായുള്ള വാട്‌സ്ആപ് ചാറ്റുകളെ അടിസ്ഥാനമാക്കി കസ്റ്റംസ് ആരോപിക്കുന്നു. 2017-ല്‍ മുഖ്യമന്ത്രി യു.എ.ഇയിലുള്ള സമയത്ത് ഖാലിദ് മുഹമ്മദ് ചില ബാഗുകള്‍ കടത്തിയതായുള്ള സ്വപ്‌നയുടെ മൊഴിയും 40 പേജുള്ള കുറ്റപത്രത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →