നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ കേസ്

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ കേസ്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് കാട്ടി ഇ മെയില്‍ വഴി നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്തത്.ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ശ്രീനാഥിനെതിരേ ചുമത്തിയിരിക്കുന്നത്.

ഇംഗ്ലീഷില്‍ പച്ചത്തെറി വിളിച്ച് നടന്‍ പൊട്ടിത്തെറിച്ചുവെന്നാണ് അവതാരക പരാതിയില്‍ പറയുന്നത്. ആദ്യത്തെ ചോദ്യത്തിനു വ്യക്തമായ ഉത്തരം തന്നില്ല. വീട്ടിലാരാണ് ചട്ടമ്പി എന്ന രണ്ടാമത്തെ ചോദ്യത്തിനു മറുപടി തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന് ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു. ഈ മറുപടി അന്ധാളിപ്പുണ്ടാക്കിയെങ്കിലും താനും സഹപ്രവര്‍ത്തകരും അഭിമുഖം തുടര്‍ന്നതായി അവതാരക പറയുന്നു. എന്നാല്‍ അടുത്ത ചോദ്യത്തോടെ യാതൊരു മര്യാദയും പാലിക്കാതെ ഇതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ ആക്രോശിച്ചു. താന്‍ സ്ത്രീയാണെന്നും ഇന്റര്‍വ്യൂവാണു നടക്കുന്നതെന്നും പരിഗണിക്കാതെയായിരുന്നു പ്രതികരണം. തുടര്‍ന്ന് കാമറാമാനോട് ”കാമറ ഓഫ് ചെയ്യടാ” എന്ന് ആക്രോശിക്കുകയും നിര്‍ബന്ധിച്ച് ഓഫ് ചെയ്യിക്കുകയും ചെയ്തു. പിന്നീട് കേട്ടാല്‍ അറപ്പുളവാക്കുന്ന തെറിവിളിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതൊരു ഫണ്‍ ഇന്റര്‍വ്യൂ ആണെന്നും സഹകരിക്കണമെന്നും പ്രൊഡ്യൂസര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെയും നടന്‍ അസഭ്യം പറഞ്ഞു.

അപമാനം സഹിക്കവയ്യാതെയാണ് തങ്ങള്‍ ഹോട്ടലില്‍ നിന്ന് തിരികെപ്പോന്നതെന്നും ഒരു സ്ത്രീയെന്ന നിലയില്‍ ഈ സംഭവം തനിക്കു മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അവതാരക പരാതിയില്‍ തുടരുന്നു. ആയതിനാല്‍ നടന്‍ ചെയ്ത കുറ്റത്തിനെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ അപേക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →