വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും സമവായ നിര്‍ദേശങ്ങളില്‍ സെപ്റ്റംബർ 26-ന് നിലപാട് അറിയിക്കാമെന്ന് ലത്തീന്‍ സഭ അറിയിച്ചെന്നും സര്‍ക്കാരിന്റെ പ്രതികരണം.

ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയുമായി ചര്‍ച്ച നടന്നത്. ഏഴ് ആവശ്യം ഉന്നയിച്ചുള്ള സമരം ഒരു മാസം പിന്നിടുകയാണ്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്കു മാറ്റാനും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വാടക വീട്ടിലേക്കു മാറാന്‍ മാസം 5,500 വാടക നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും 54 കുടുംബങ്ങള്‍ മാത്രമാണ് അത് സ്വീകരിച്ചത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗം നഷ്ടപരിഹാര പാക്കേജില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച് മുസ്ലിം ജമാഅത്ത് ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്. ചെയര്‍മാന്‍ എച്ച്.എ. റഹ്മാന്റെ നേത്വത്തില്‍ ഐക്യവേദി ഭാരവാഹികളും മന്ത്രിതല സമിതിയുമായി ചര്‍ച്ചയ്‌ക്കെത്തി. ജാതിമതഭേദമില്ലാതെ എല്ലാ മത്സ്യത്തൊഴിലാളികളെയും പാക്കേജിനായി പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട തൊഴിലാളികളെ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുകിട്ടിയെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് അഭിപ്രായമില്ലെന്നും ചര്‍ച്ചയ്ക്കുശേഷം ജമാ അത്ത് ഐക്യവേദി നേതാക്കള്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →