തിരുവനന്തപുരം:. പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല നൽകി. നേരത്തെ എം.വി. ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകൾ തന്നെയാണ് എം.ബി. രാജേഷിനും ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയൽ രാജ്ഭവനിലെത്തി. ഗവർണർ ഫയലിൽ ഒപ്പുവെച്ചാൽ വിജ്ഞാപനം പുറത്തിറങ്ങും. സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല
എം.ബി. രാജേഷിന് ലഭിച്ചേക്കാവുന്ന വകുപ്പുകൾ സംബന്ധിച്ച് 2022 സെപ്തംബർ 6 ചൊവ്വാഴ്ച ഉച്ചവരെ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. സുപ്രധാനമായ എക്‌സൈസ് വകുപ്പ് വി.എൻ. വാസവന് നൽകിയേക്കുമെന്നും പകരം തൊഴിൽ, സാംസ്‌കാരിക വകുപ്പുകളാകും രാജേഷിന് ലഭിക്കുകയെന്നും സൂചനകളുണ്ടായി. എന്നാൽ ഉച്ചയോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്കെല്ലാം വിരാമമാവുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിനൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പാലക്കാട് തൃത്താല നിയോജകമണ്ഡലത്തിൽനിന്നാണ് എം.ബി. രാജേഷ് നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദർ പാർട്ടി സെക്രട്ടറിയായതോടെയാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിലെത്തിയത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ ദേശീയ പ്രസിഡന്റുമായ എം.ബി. രാജേഷ് രണ്ടുതവണ ലോക്‌സഭാംഗമായിട്ടുണ്ട്

