കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി അധികാര പരിധി ഉപയോഗിച്ചതിൽ അപാകത ഉണ്ട്. മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളും കോടതി സ്റ്റേ ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന സെഷൻസ് കോടതി നിരീക്ഷണം ന്യായീകരിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.