പത്തനംതിട്ട: കാശ്മീരിനെ കുറിച്ച് ഫേസ്ബുക്കിൽ വിവാദമായ പരാമർശം നടത്തിയ സംഭവത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ പോലീസ് കേസെടുത്തു. കീഴ്വായ്പൂർ പോലീസ് തിരുവല്ല കോടതി ഉത്തരവിനെ തുടർന്നാണ് നടപടി ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയാണ് എഫ്ഐആറിൽ പറയുന്നത്.
ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആർഎസ്എസ് നേതാവും മല്ലപ്പള്ളി എഴുമാറ്റൂർ സ്വദേശിയുമായ അരുൺ മോഹൻ നൽകിയ ഹർജിയിൽ തിരുവല്ല ഒന്നാം ക്ലാസ് സ്റ്റുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് കേസെടുക്കാൻ കീഴ്വായ്പ്പൂർ എസ്എച്ച്ഒ ക്ക് നിർദ്ദേശം നൽകിയത്.
കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. അധിനിവേശ കാശ്മീരിനെ “ആസാദ് കാശ്മീർ ” എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് വിവാദം ആയത്. വ്യാപക വിമർശനം ഉയർന്നതോടെ ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു.