ഇടുക്കി : അടിമാലിയിൽ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീൺ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. പ്രവീണിനെ സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. നടപടി പാടില്ലെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ച സാഹചര്യത്തിലും കുറ്റക്കാരനെതിരെ നടപടിയുണ്ടാകുമെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി ഉറച്ച് പറയുന്നത്.
കൊച്ചി ധനുഷ്കോടി ദേശിയപാതയിലെ ചീയപ്പാറയിൽ വനാതിർഥിയിൽ കരിക്കുവിറ്റയാളെ പിടികൂടിയ വാളറ ഡപ്യൂട്ടി റേയ്ഞ്ചറെയാണ് പ്രവീൺ ജോസ് ഭീഷണിപെടുത്തിയത്. ഇനി ആവർത്തിച്ചാൽ അടിമാലി ടൗണിലിട്ട് മർദ്ദിക്കു മെന്നായിരുന്നു ഭീഷണി. 2022 ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികിൽ കരിക്ക് വിൽക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാൻ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്.
പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. പിന്നാലെയാണ് ഭീഷണിയുണ്ടായത്. ‘കരിക്കുവിറ്റയാൾ വനത്തിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയിൽ ഹാജരാക്കുന്ന രീതി ആവർത്തിക്കരുത്’. ഇതിനിയും ആവർത്തിച്ചാൽ അടിമാലി ടൗണിൽ വെച്ച് വനംവകുപ്പ് നേതാവിനെ മർദിക്കും. മുമ്പ് താൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്ചാനായില്ല. ഇനിയും എന്നെ കൊണ്ട് തല്ല് ആവർത്തിക്കാനിടയാക്കരുതെന്നുമായിരുന്നു പ്രവീൺ ജോസിന്റെ ഭീഷണി.
പ്രവീണിനെ സസ്പെൻഡ് ചെയ്യരുതെന്നാവശ്യപെട്ട് സിപിഐയിലെ ഒരുവിഭാഗം രംഗത്തുണ്ട്. ഭീഷണിയിൽ അന്വേഷണമാവശ്യപെട്ട് ഇതുവരെ വനംവകുപ്പ് പൊലീസിൽ പരാതി നൽകിയില്ല. നിയമോപദേശം ലഭിച്ച ശേഷം മതിയെന്നാണ് തീരുമാനം. സംഭവത്തോടെ വനാതിർത്ഥിയിൽ ദേശിയ പാതക്കരികിലുള്ളിൽ വഴിയോര കച്ചവടം നിയന്ത്രിക്കാനുള്ള നടപടികൾ വനംവകുപ്പ് ഊർജ്ജിതമാക്കി

