കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയുടെ രാജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയുടെ രാജി. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെക്കുകയാണെന്നു വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം കത്തയച്ചു.മറ്റൊരു മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ്, ജമ്മുകശ്മീര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവച്ച് ദിവസങ്ങള്‍ക്കകമാണ് ആനന്ദ് ശര്‍മയുടെ നീക്കം. കോണ്‍ഗ്രസില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്ന ജി 23 നേതാക്കളില്‍ പ്രമുഖരാണ് ആസാദും ശര്‍മയും.ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍, ശര്‍മ തന്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍ണായക യോഗങ്ങള്‍ തന്നെ അറിയിച്ചിരുന്നില്ലെന്നും ആത്മാഭിമാനം പണയപ്പെടുത്തിയുള്ള ഒത്തുതീര്‍പ്പിന് തയയ്യാറല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശര്‍മ പറഞ്ഞു.ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ തന്നെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്നാണ് ആസാദുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →