സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മധുരം പകരുവാന്‍ ഇക്കുറിയും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും കിറ്റില്‍ ഇടംപിടിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ രണ്ടര ലക്ഷം പായ്ക്കറ്റ് ശര്‍ക്കര വരട്ടിയും ഉപ്പേരിയുമാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 100 ഗ്രാം പായ്ക്കറ്റാണ് വിതരണം ചെയ്യുന്നത്.
തിരുവല്ല, പത്തനംതിട്ട, റാന്നി, പറക്കോട് എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലാണ് ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത്. റേഷന്‍കടകളിലും ഇവ ലഭ്യമാകും. കുടുംബശ്രീക്ക് രണ്ടു ലക്ഷത്തിന് മുകളില്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളില്‍ ഉല്‍പ്പാദനവും പായ്ക്കിംഗും ഇതിനോടകം തന്നെ പുരോഗമിക്കുന്നതായി ജില്ലാ മിഷന്‍ കോ ഒാര്‍ഡിനേറ്റര്‍ അറിയിച്ചു.