സമഗ്ര വികസനം, കാര്‍ഷിക സമൃദ്ധി, ശുചിത്വ കാഴ്ചപ്പാട്, തൊഴില്‍ ലഭ്യത, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ട് 100 ദിന കര്‍മ്മപദ്ധതിയുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന 12 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യം. കര്‍മ്മപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച് നവംബര്‍ 27ന് പൂര്‍ത്തീകരിക്കും. പരിപാടികള്‍ വിജയകരമാക്കുന്നതിന് ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായി പഞ്ചായത്ത്തല കമ്മിറ്റികള്‍ രൂപീകരിച്ചു.
വിവിധ സര്‍വേകള്‍, ജനകീയ ഹോട്ടല്‍ (വിശപ്പ് രഹിത ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്), കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റ്, വാതില്‍പ്പടി സേവനം, തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടിയും സര്‍വേയും, ഞങ്ങളും കൃഷിയിലേക്ക്, സംരംഭങ്ങള്‍, വിവിധ പരിശീലനങ്ങള്‍, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം 100 ശതമാനം ലക്ഷ്യത്തിലെത്തിക്കല്‍, ക്ലബ്ബുകളും വായനശാലകളും ആരംഭിക്കല്‍, ടൂറിസം, ഗ്രീന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം എന്നിങ്ങനെ 12 പരിപാടികളാണ് 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യം പഞ്ചായത്തിലെ ഓരോ പദ്ധതിയെക്കുറിച്ചും വിശദമായ വിവരശേഖരണം നടത്തും. സമഗ്ര വിവരശേഖരണം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നിര്‍ണ്ണായകമാകും. വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക, മാലിന്യ സംസ്‌കരണ, വിഭവ സമാഹരണ മേഖലകളിലെ സര്‍വേയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്.
വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയ ഹോട്ടല്‍ പഞ്ചായത്തിലെ കോട്ടയത്ത് പാറയിലാണു പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കൂടാതെ ചോറ്റാനിക്കര പഞ്ചായത്തിനോട് ചേര്‍ന്ന് പുതിയ ജനകീയ ഹോട്ടല്‍ ആരംഭിക്കും. ഇവിടെ 10 രൂപയ്ക്ക് സബ്സിഡി നിരക്കിലും അതിദരിദ്രര്‍ക്കു സൗജന്യമായും ഉച്ചഭക്ഷണം ലഭ്യമാക്കും.
ഗ്രൂപ്പ് സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കു വിപണി ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും. മുഴുവന്‍ കുടുംബശ്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും സൂപ്പര്‍മാര്‍ക്കറ്റ്.
സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെ അടുത്തേക്ക് പഞ്ചായത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വഴി സേവനം വീടുകളില്‍ നേരിട്ട് എത്തിക്കുന്നതാണു വാതില്‍പ്പടി സേവനം. ആശ പ്രവര്‍ത്തകര്‍, സന്നദ്ധസേന വാളന്റീയര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അര്‍ഹരാവയരുടെ വീട്ടുപടിക്കല്‍ എത്തിക്കും. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ, പെന്‍ഷന്‍ അപേക്ഷകള്‍, പാലിയേറ്റീവ് സേവനങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കുക എന്നിവ നടപ്പാക്കാനാണു ലക്ഷ്യം.
ഞങ്ങളും കൃഷിയിലേക്കു പദ്ധതി വിപുലമായി പഞ്ചായത്തില്‍ നടപ്പാക്കും. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജനകൂട്ടായ്മകള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വ്യക്തിഗതമായും കൃഷി ഗ്രൂപ്പുകള്‍ രൂപീകരിച്ചും പരമാവധി ഇടങ്ങളില്‍ കൃഷിചെയ്യും. പഞ്ചായത്തില്‍ 50 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനാണു ലക്ഷ്യം. ഒരു വാര്‍ഡില്‍ ഒരു വിള എന്ന നിലയിലും കൃഷി ചെയ്യും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ 300 കൃഷി ഗ്രൂപ്പുകളും 300 വ്യക്തി ഗ്രൂപ്പുകളും പരമാവധി ഇടങ്ങളില്‍ കൃഷി ചെയ്യും.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 102 സംരംഭങ്ങള്‍ ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 100 ദിവസത്തിനുള്ളില്‍ 30 സംരംഭങ്ങള്‍ ആരംഭിക്കും. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നൈപുണ്യ പരിശീലനം, ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍, ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അര്‍ഹമായ സബ്സിഡി ലഭ്യമാക്കുന്നതിനുള്ള പിന്തുണയും നല്‍കും.
പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ, തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ 10 മേഖലകളിലായി പരിശീലനം നല്‍കും. പഞ്ചായത്തില്‍ സജീവമായിരുന്ന ക്ലബ്ബുകളെ പുനരുദ്ധരിക്കുക, പുതിയ ക്ലബ്ബുകള്‍ രൂപീകരിക്കുക, എല്ലാ വാര്‍ഡുകളിലും കുറഞ്ഞതു രണ്ടു ക്ലബ്ബുകള്‍ രൂപീകരിക്കുക, വായനശാലകളില്ലാത്ത വാര്‍ഡുകളില്‍ പുതിയ വായനശാലകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബുകള്‍-വായനശാലകള്‍ ആരംഭിക്കല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാടിന്റെ പ്രാദേശികമായ സവിശേഷതകള്‍, സാംസ്‌കാരിക തനിമ എന്നിവ പ്രാദേശിക ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും പരിചയപ്പെടുത്തി നാടിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ടൂറിസം പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. നിത്യവും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനാവശ്യമായ വേദികള്‍ ഒരുക്കുക, വിജയരാഘവക്കുളം നവീകരിച്ച് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുക, കടുംഗമംഗലം മുതല്‍ വട്ടക്കുന്ന് വരെ റോഡിനിരുവശവും ടൈല്‍ വിരിച്ച് കൈവരികള്‍ നിര്‍മ്മിക്കുകയും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്യുക, അടിയാക്കല്‍ പാടശേഖരത്തിനോട് ചേര്‍ന്ന് വാക് വേയും വിശ്രമ സ്ഥലവും, ചോറ്റാനിക്കര ടൗണില്‍ ടേക്ക് എ ബ്രേക്കിനോട് ചേര്‍ന്ന് ആധുനിക പാര്‍ക്ക് എന്നിവയാണു ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ എല്ലാ വീടുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഉറവിട സംസ്‌ക്കരണത്തെക്കുറിച്ചുളള ബോധവല്ക്കരണം ഹരിത കര്‍മ്മ സേന വഴി ലഭ്യമാക്കുക, ഉറവിട മാലിന്യം സംസ്‌കരിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍, ഇനോക്കുലം എന്നിവ ഹരിത കര്‍മ്മ സേന വഴി ആവശ്യക്കാരില്‍ എത്തിക്കുക, വരിസംഖ്യ നല്‍കാത്തവരെ കണ്ടെത്തി ജനപ്രതിനിധികളുടെ സഹകരണത്തോടെ ബോധവല്‍ക്കരണം നടത്തുക എന്നിവയും പദ്ധതിയിലുണ്ട്.

