പനജി: വടക്കന്‍ ഗോവയിലെ ഒരു റസ്റ്ററന്റിന് മദ്യ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ചു വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും. റസ്റ്ററന്റിന്റെ ഉടമ സ്മൃതിയുടെ മകള്‍ സോയിഷ് ആണെന്ന ആരോപണത്തെ തുടര്‍ന്നാണു വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയായത്. ഈ റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് ആരോപണം. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നു കാട്ടി അഭിഭാഷകനായ എയ്റിസ് റോഡ്രിഗസ് രംഗത്തെത്തി.തുടര്‍ന്ന് ഗോവ എക്സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.എന്നാല്‍, മകള്‍ സോയിഷ് ഇറാനി കോളജ് വിദ്യാര്‍ഥിനി മാത്രമാണെന്നും അവരുടെ പേരില്‍ ബിസിനസ് ഒന്നുമില്ലെന്നും സ്മൃതി ഇറാനി അറിയിച്ചു. ആരോപണമുന്നയിച്ചവരെ കോടതിയില്‍ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.ഗോവയിലെ അസന്‍ഗൗവിലെ സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍ സോയിഷിന്റെ പേരിലാണെന്നാണ് ആരോപണം. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും. എക്സൈസ് കമ്മിഷണറെ മാറ്റാനുള്ള നീക്കം ഗോവയിലെ ബി.ജെ.പി. സര്‍ക്കാര്‍ തുങ്ങിയെന്നും റോഡ്രിഗസ് ആരോപിച്ചു.
കഴിഞ്ഞമാസമാണ് ബാറിന്റെ ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.ലൈസന്‍സിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു വിവരാവകാശ നിയമപ്രകാരം റോഡ്രിഗസ് ഇടപെട്ടത്. സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അദ്ദേഹം കണ്ടെത്തി. സില്ലി സോള്‍സ് കഫേയുടെ ഉടമകള്‍ ഇറാനി കുടുംബമാണെന്ന് റോഡ്രിഗസ് ആവര്‍ത്തിച്ചു.വിഷയത്തില്‍ സ്മൃതി ഇറാനിക്കെതിരേ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് ആവശ്യപ്പെട്ടു.

