എസ്പി സസ്പെൻഡ് ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥനെ ഐജി തിരിച്ചെടുത്തു

തിരുവനന്തപുരം: ടെലികമ്മ്യൂണിക്കേഷൻ എസ്പി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനെ എഐജി അന്നേ ദിവസം തന്നെ സർവീസിൽ തിരിച്ചെടുത്തു. തന്റെ വസതിയിൽ അതിക്രമിച്ചു കയറി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗൺമാൻ ആകാശിനെ എസ്പി: നവനീത് ശർമ ഐപിഎസ് സസ്പെൻഡ് ചെയ്തത്. നടപടി തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ആസ്ഥാനത്തെ എഐജി അനൂപ് കുരുവിള ജോൺ പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്തു.

എസ്പിയുടെ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിൽ വിളിച്ച് എസ്പിയുടെ വളർത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്യം മാറ്റാനും ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോപണമുണ്ട്.

പൊലീസ് ക്വാർട്ടേഴ്സിലാണ് എസ്പി താമസിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ, എആർ വിഭാഗത്തിൽ നിന്നായി രണ്ടു ഗൺമാൻമാർ എസ്പിക്കൊപ്പമുണ്ട്. 17/07/22 ഞായറാഴ്ച എസ്പിയുടെ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിച്ചു. പട്ടിയുടെ വിസർജ്യം കോരാൻ പറഞ്ഞപ്പോൾ അതു തന്റെ ജോലിയല്ലെന്നു പറഞ്ഞ് ആകാശ് ഗൺമാൻമാരുടെ റെസ്റ്റ് റൂമിൽ ഇരുന്നു.

ഇതിനുശേഷം എസ്പി ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ എസ്ഐയോട് ആകാശിനെതിരെ ഒരു സ്പെഷൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി പൊലീസുകാർ പറയുന്നു. വീട്ടിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ നശിപ്പിച്ചു എന്നെഴുതാനായിരുന്നു നിർദേശം. എസ്ഐയെ കൊണ്ട് നിർബന്ധപൂർവം എഴുതി വാങ്ങിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശിനെ സസ്പെൻഡ് ചെയ്തതെന്നും പൊലീസുകാർ ആരോപിക്കുന്നു.

അസോസിയേഷൻ നേതാക്കൾ വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്, സസ്പെൻഷൻ പിൻവലിച്ച് മാതൃ യൂണിറ്റായ തിരുവനന്തപുരം സിറ്റിയിലേക്ക് ആകാശിനെ മാറ്റാൻ ഡിജിപി എഐജിക്കു നിർദേശം നൽകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →