ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈബ്രറിയിലേക്ക് മുന്നൂറ്റി അന്‍പതോളം അമൂല്യ ഗ്രന്ഥങ്ങള്‍ കൂടി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ലൈബ്രറിക്കു വേണ്ടി പുസ്തക സമാഹരണ യജ്ഞത്തിലൂടെ 350ഓളം അമൂല്യ ഗ്രന്ഥങ്ങള്‍ കൂടി സംഭാവനയായി ലഭിച്ചു. ഓപ്പണ്‍ സര്‍വകലാശാലയുടെ പുസ്തക സമാഹരണ യജ്ഞത്തെ കുറിച്ചറിഞ്ഞാണ് കൊല്ലം ജില്ലയിലെ തേവള്ളി ടിആര്‍എ52 ല്‍ താമസിക്കുന്ന റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്ററായ എന്‍.കൃഷ്ണ കമ്മത് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് നല്കാന്‍ തീരുമാനിച്ചത്.

പ്രായത്തിന്റെ അവശതകള്‍ വക വകവയ്ക്കാതെ കുരീപ്പുഴയിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തിയാണ് 90 വയസു പിന്നിട്ട കൃഷ്ണ കമ്മത് പുസ്തകങ്ങള്‍ വൈസ് ചാന്‍സലര്‍ പി. എം.മുബാറക് പാഷ യുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. എം ജയമോഹന് കൈമാറിയത്.

ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആയ ഡോ. എ പസ്ലിതില്‍, ഡോ.കെ. ശ്രീവത്സന്‍, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ ഡോ. ഐ. ജി ഷിബി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഏറ്റവും മികച്ച ലൈബ്രറി സജ്ജമാക്കുന്നതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടന്നുവരുന്ന പുസ്തകസമാഹരണ യജ്ഞം വഴി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും എസ് എന്‍ കോളേജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ അമൂല്യ പുസ്തകശേഖരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് കൈമാറിയാണ് പുസ്തകസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.. എന്‍. പ്രഭാകരന്‍ തന്റെ ശേഖരത്തിലെ നാനൂറോളം പുസ്തകങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ തങ്ങളുടെ പുസ്തക ശേഖരം ഓപ്പണ്‍ സര്‍വകലാശാലയുടെ ലൈബ്രറിയിലേക്ക് സംഭാവന നല്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →