സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും; ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 12/07/22 ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും മൊബൈൽ ലാബ് ഉള്ള ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് വിവിധതരത്തിലുള്ള പരിശോധനകൾ തുടരുകയാണ്. ഹോട്ടലുകളെ ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

” നല്ല ഭക്ഷണം നാടിന്റെ അവകാശം ” എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തെ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയിരുന്നു. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരഞ്ഞെടുത്തത്. ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത സർട്ടിഫിക്കറ്റുകൾ ഉള്ള ഹോട്ടലുകൾ അറിയാൻ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങൾ ഏതെന്ന് കണ്ടെത്താൻ കഴിയുന്നതാണ്. പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗാണ് നൽകുന്നത്.

കടകൾ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവും ആണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാല്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റേറ്റിംഗ് നൽകുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള സ്ഥാപനങ്ങൾ ഗ്രീൻ കാറ്റഗറിയിലും, ഫോർസ്റ്റാർ റേറ്റിംഗ് ഉള്ള സ്ഥാപനങ്ങൾ ബ്ലൂ കാറ്റഗറിയിലും, ത്രീ സ്റ്റാർ റേറ്റിംഗുളള സ്ഥാപനങ്ങൾ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീസ്റ്ററിന് താഴെയുള്ളവർക്ക് റേറ്റിംഗ് നൽകുന്നതല്ല.

ഭക്ഷ്യസുരക്ഷാ ഓഫീസർ അടങ്ങുന്ന പ്രത്യേക സ്ക്വാഡ് ആണ് അപേക്ഷ നൽകിയ സ്ഥാപനങ്ങളിൽ ശുചിത്വ മാനദണ്ഡ പ്രകാരം പ്രീ ഓഡിറ്റ് നടത്തുന്നത്. പ്രീ ഓഡിറ്റിൽ കണ്ടെത്തുന്ന ന്യൂനതകളും അത് പരിഹരിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉൾപ്പെടെയുള്ളവ പരിശോധിക്കും. മാത്രമല്ല ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പരിശീലനവും നൽകും. അതിനുശേഷം എഫ്.എസ്.എസ്.എ.ഐയുടെ നേതൃത്വത്തിൽ ഫൈനൽ ഓഡിറ്റ് നടത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

രണ്ടു വർഷത്തേക്കുള്ള സ്റ്റാർ റേറ്റിംഗ് ആണ് നൽകുന്നത്. രണ്ടു വർഷത്തിനുശേഷം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിർത്താവുന്നതാണ്. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ്, സുരക്ഷാ വകുപ്പിന്റെ ഫോൺ നമ്പർ ഉൾപ്പെടെ പ്രദർശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷിക്കുന്നതാണ് ഓരോ ഹോട്ടലിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു റേറ്റിംഗ് ഉയർത്താവുന്നതാണ്. ഇതിലൂടെ ഹോട്ടലുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും അവരുടെ കച്ചവടം ഉയർത്താനും പൊതുജനങ്ങൾക്ക് സുരക്ഷിതമായി ഭക്ഷണം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →