മക്കളെ കാണാനായി ജയിചാടി, പക്ഷെ അവരെ കാണാൻ കഴിയാതെ വീണ്ടും ജയിലിൽ

കോട്ടയം: ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പ്രതി ബിനുമോനെ രായ്ക്കുരാമാനം അകത്താക്കാൻ പൊലീസിനായി.2022 ജൂലൈ 9 ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ജയിൽ ചാടിയ ജോമോനെ രാത്രി പത്തു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനടത്തെ സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് ബിനുമോൻ പിടിയിലായത്.

പിടിയിലായതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ജയിൽ ചാടാനുണ്ടായ കാരണം ബിനുമോൻ പറഞ്ഞത്. പത്താം ക്ലാസിൽ പഠിക്കുന്ന മകൻറെയും ഏഴാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പിതാവാണ് ബിനു മോൻ. വെളളിയാഴ്ച ജയിലിലെ ഫോണിൽ മക്കളെ വിളിക്കാൻ ശ്രമിച്ചിരുന്നു ബിനുമോൻ. എന്നാൽ ഫോണിൽ കിട്ടിയില്ല. ഈ സങ്കടം കൊണ്ടാണ് താൻ ജയിൽ ചാടാൻ തീരുമാനിച്ചതെന്ന് ബിനുമോൻ പറഞ്ഞു. ജയിൽ ചാടി വീടിനടുത്ത് വരെ എത്തിയെങ്കിലും മക്കളെ കാണാൻ ബിനുമോന് കഴിഞ്ഞതുമില്ല. അതിനു മുമ്പു തന്നെ വീടിനു സമീപം പതിയിരുന്ന പൊലീസ് സംഘം ബിനുമോനെ അറസ്റ്റ് ചെയ്തു.

ഓട്ടോഡ്രൈവറായ ബിനുമോൻ ജയിലിൽ ശാന്തശീലനായിരുന്നു എന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഷാൻ വധക്കേസിൽ താൻ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തിൽ താനില്ലായിരുന്നു എന്നുമാണ് എപ്പോഴും ബിനുമോൻ സഹതടവുകാരോടും പറഞ്ഞിരുന്നത്. കേസ് നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപയോളം കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു.ഇതോടെ ഭാര്യ ജോലി തേടി വിദേശത്തേക്ക് പോയി.

കുടുംബത്തെ സഹായിക്കാനായി ജയിലിൽ എന്തെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കാൻ അനുമതി വേണമെന്നും ബിനുമോൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുവെ സൗമ്യമായി മാത്രം ജയിലിൽ പെരുമാറിയിരുന്ന ബിനുമോൻ അതിവേഗം ജയിൽ ഉദ്യോഗസ്ഥരുടെയും വിശ്വാസം ആർജിച്ചു. അതുകൊണ്ട് തന്നെയാണ് അടുക്കള ജോലിയിലേക്ക് ബിനുമോനെ നിയോഗിച്ചതും. എന്നാൽ എപ്പോഴും സൗമ്യതയോടെ പെരുമാറിയിരുന്ന ബിനുമോന്റെ ജയിൽചാട്ടം ജയിൽ ഉദ്യോഗസ്ഥരിലും അമ്പരപ്പുണ്ടാക്കി. വീണ്ടും അറസ്റ്റിലായി കോട്ടയം ജില്ലാ ജയിലിൽ എത്തിയ ശേഷം ജയിൽ ഉദ്യോഗസ്ഥരോട് ആവർത്തിച്ച് ക്ഷമ ചോദിക്കുന്നുമുണ്ടായിരുന്നു ബിനുമോൻ.

എന്നാൽ ജയിൽ ചാടിയ പ്രതിയോട് ഇനിയൊരു പരിഗണനയും വേണ്ടെന്ന നിലപാടിലാണ് ജയിൽ വകുപ്പ്. ബിനുമോനെ ഉടൻ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ ചാടാൻ ശ്രമിക്കുന്ന പ്രതികളെ സെൻട്രൽ ജയിൽ പോലെ കൂടുതൽ സുരക്ഷയുളള ഇടങ്ങളിലേക്ക് മാറ്റണമെന്നാണ് ജയിൽ ചട്ടവും.

ഷാൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊന്ന ശേഷം മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോൻ. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത് എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോൾ സെൻട്രൽ ജയിലിലാണ്. കേസിന്റെ വിചാരണ നടപടികൾ ഉടൻ തുടങ്ങാനിരിക്കെയാണ് പ്രതികളിലൊരാളുടെ ജയിൽ ചാട്ടം ഉണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →