ഡെങ്കിപ്പനി പ്രതിരോധം:”എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” ഞായറാഴ്ച

 
ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഞായറാഴ്ച തോറുമുള്ള ഡ്രൈ ഡേ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച   “എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉറവിട നശീകരണ യജ്ഞം വിജയകരമാക്കാൻ എല്ലാവരും
 സഹകരിച്ച് പ്രവർത്തിക്കണം. 

വീടിനുള്ളിലും വീടിനോട് ചേർന്നുള്ള പരിസരത്തും കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഇവിടങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങളുണ്ടോയെന്ന് നിരീക്ഷിച്ച് ഇല്ലാതാക്കണം. പകൽ സമയത്താണ് കൊതുകുകൾ കടിക്കുന്നത് എന്നതിനാൽ പകൽ സമയത്ത് കൊതുകു കടിയേൽക്കാതെ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. വെള്ളത്തിൽ വളർത്തുന്ന മണിപ്ലാന്റുകൾ മറ്റ് അലങ്കാര ചെടികൾ എന്നിവ പ്രധാന സ്രോതസ്സായി കണ്ടെത്തിയതിനാൽ ഇവയിലെ വെള്ളം അടിയന്തിരമായി നീക്കം ചെയ്യുക. വെള്ളം കെട്ടി കിടക്കാത്ത രീതിയിൽ മണ്ണിട്ട് വളർത്തുക.

 പൂച്ചട്ടിയിലും,  ട്രേയിലും വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക. ഫ്രീഡ്ജിന്റെ ട്രേ, ചെടിച്ചട്ടികൾ,കരിക്കിൻ തോട്, ചിരട്ടകൾ, ടയറുകൾ, പഴയ പാത്രങ്ങൾ, ടെറസ് തുടങ്ങി വീട്ടിലും പരിസരത്തുമുള്ള വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും എത്രയും വേഗം നീക്കം ചെയ്യുക.

സന്ധിവേദന, തലവേദന, പനി, കണ്ണിനു പിറകിലെ വേദന, ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങളുള്ള ആളുകൾ സ്വയം ചികിത്സിക്കാതെ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്. 

ഡെങ്കിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനം ആഴ്ചയിൽ ഒരു ദിവസം 
ഡ്രൈ ഡേ ആചരിക്കുക എന്നതാണ്.  ഞായറാഴ്ച എല്ലാവരും അതാതു വീടുകളിൽ ഉറവിട നശീകരണം നടത്തണം. റെസിഡെന്റ് സ് അസോസിയേഷനുകൾ തങ്ങളുടെ പ്രദേശത്തെ എല്ലാ കുടുംബങ്ങളിലേക്കും  സന്ദേശം എത്തിക്കേണ്ടതും ഉറവിട നശീകരണം നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടതുമാണ്. ഞായറാഴ്ചയിലെ ഡ്രൈ ഡേ ആചരണം വിജയകരമാക്കി ഡെങ്കിപ്പനി പ്രതിരോധത്തിൽ പങ്കാളികളാകണമെന്നും ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →