ദുബായ്: പാകിസ്താന് ടീം നായകന് ബാബര്‍ അസം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റര്‍മാരുടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.
ഇന്ത്യയുടെ മുന്‍ നായകന് വിരാട് കോഹ്ലിയുടെ റെക്കോഡ് പഴങ്കഥയാക്കിയാണു ബാബര്‍ അസം ഒന്നാം സ്ഥാനത്തു തുടര്‍ന്നത്. കൂടുതല്‍ കാലം ഒന്നാം റാങ്കിലിരുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തം പേരിലാക്കിയത്. 1013 ദിവസമാണ് കോഹ്ലി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നത്. 818 റേറ്റിങ് പോയിന്റാണ് പാക് നായകനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന് 794 പോയിന്റുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി മോശം ഫോമിലുള്ള കോഹ്ലി 21-ാം സ്ഥാനത്താണ്.ഇന്ത്യയുടെ ഇഷാന് കിഷന് മാത്രമാണ് ആദ്യ പത്തിലുള്ളത്. അഞ്ചാം സ്ഥാനത്തായിരുന്ന കിഷന് രണ്ട് സ്ഥാനം ഇറങ്ങി ഏഴാം സ്ഥാനത്തായി. ലോകേഷ് രാഹുല്‍ 17-ാം സ്ഥാനത്തും ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ 19-ാം സ്ഥാനത്തുമാണ്. ശ്രേയസ് അയ്യരാണ് 20-ാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത്തും രാഹുലും കോഹ്ലിയും കളിക്കാത്തതു റാങ്കിങ്ങിലും പ്രകടമായി. കോഹ്ലി ഈ വര്‍ഷം രണ്ട് ട്വന്റി20 കള്‍ മാത്രമാണു കളിച്ചത്. അയര്‍ലന്‍ഡ് പര്യടനത്തില്‍ മികവ് കാണിച്ച സഞ്ജു സാംസണും ദീപക് ഹൂഡയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.ആദ്യ മത്സരത്തില്‍ 47 റണ്ണും രണ്ടാമത്തെ മത്സരത്തില്‍ സെഞ്ചുറിയടിക്കുകയും ചെയ്ത ദീപക് ഹൂഡ 104-ാം സ്ഥാനത്തേക്കെത്തി. സഞ്ജു സാംസണ് 114-ാം സ്ഥാനത്തേക്കുമെത്തി. ബൗളിങ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ നേട്ടമില്ല. 792 റേറ്റിങ് പോയിന്റോടെ ഓസ്ട്രേലിയക്കാരന് ജോഷ് ഹാസില്‍വുഡ് ഒന്നാമതും ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ടാം സ്ഥാനത്തുമാണ്.താബ്രിസ് ഷാംസി, റാഷിദ് ഖാന്, ആഡം സാംബ, വാനിന്ദു ഹസരങ്ക, ആന്റിച് നോര്‍ടിയ, ആഷ്ടന്‍ അഗര്‍, നസീം അഹമ്മദ് എന്നിവരാണ് ആദ്യ പത്തില്‍. 10ലുള്ളത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ 14-ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണു കേമന്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും ആദ്യ പത്തില്‍ ഇന്ത്യക്കാരില്ല. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി തലപ്പത്തും ഷാക്കിബ് അല്‍ ഹസന്, മോയീന്‍ അലി, ഗ്ലെൻ മാക്സ്വെല്, ലിയാം ലിവിങ്സ്റ്റണ് എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

