തിരുവനന്തപുരം : കേരളാ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഐടി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഐടി ഇതര സ്റ്റാര്‍ട്ടപ്പ് മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് യൂണിക്ക് ഐഡിയുളള സ്റ്റാര്‍ട്ടപ്പുകളുടെ മൊബൈല്‍ ആപ്പുകള്‍ ,മറ്റ് സോഫ്റ്റ്വെയര് ഉല്‍പ്പന്നങ്ങള്‍ മുതലായ ഐടി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്കി വരുന്ന ആനുകൂല്യങ്ങളാണ് ഐടി ഇതര മേഖലകള്‍ക്കുകൂടി നല്‍കുക.
സ്റ്റേറ്റ് യൂണിക്ക് ഐഡിയുളള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുളള എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകള്ക്കുളള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 50ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു. സ്റ്റേറ്റ് യൂണിക്ക് ഐഡിയുളള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിമിറ്റഡ് ടെന്ററില്‍ പങ്കെടുക്കുന്നതിനുളള പരിധി ഒരു കോടി രൂപയില്‍ നിന്നും 3 കോടി രൂപയായി ഉയര്‍ത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു.

