ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ പുതിയ തൊഴിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിലും, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിലേക്കുള്ള വിഹിതം, ജോലിസമയം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വന്നേക്കാം.
പുതിയ നിയമം അനുസരിച്ച് സ്വകാര്യകമ്പനികൾക്ക് ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ സാധിക്കും. നിലവിൽ എട്ടു മുതൽ ഒൻപതു മണിക്കൂറാണ് ജോലി സമയം. എന്നാൽ ജോലിസമയം ഇത്തരത്തിൽ ഉയർത്തിയാൽ നിലവിൽ നൽകുന്ന രണ്ട് അവധി ദിവസങ്ങൾക്ക് പകരം മൂന്ന് അവധി ദിവസങ്ങൾ കമ്പനികൾ നൽകേണ്ടിവരും. അതിനാൽ തന്നെ തൊഴിലാളികളുടെ ജോലി ഭാരം കൂടില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. മൂന്ന് അവധിദിനങ്ങൾ നൽകുന്നതുകൊണ്ട് ജോലി സമയം 12 മണിക്കൂറായി ഉയർത്തിയാലും ആഴ്ചയിലെ മൊത്തം ജോലി സമയം 48 മണിക്കൂർ തന്നെയായിരിക്കും.
പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. പുതിയ നിയമമനുസരിച്ച് ജീവനക്കാർക്ക് കയ്യിൽ ലഭിക്കുന്ന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം. ജീവനക്കാരുടെ പിഎഫ് വിഹിതത്തിലും വർധനവ് വരുന്നതിനാൽ കയ്യിൽ ലഭിക്കുന്ന തുകയെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. റിട്ടയർമെൻറ് കോർപ്പസും, ഗ്രാറ്റുവിറ്റി തുകയും വർദ്ധിക്കുന്നത് സ്വകാര്യമേഖലയിലെ ജീവനക്കാരെയാകും കൂടുതൽ ബാധിക്കുക.

